തീരദേശ റെയിൽപാത പാത ഇരട്ടിപ്പിക്കൽ: എറണാകുളം –അരൂർ റൂട്ടിൽ 3 പാലങ്ങൾ നിർമിക്കുന്നു
Mail This Article
അരൂർ ∙ തീരദേശ റെയിൽപാത പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എറണാകുളം –അരൂർ പാതയ്ക്കിടയ്ക്കു 3 പാലങ്ങൾ നിർമിക്കുന്നു. പാതയിൽ നിർമിക്കാനുള്ള പാലങ്ങൾക്കായുള്ള മണ്ണു പരിശോധന തുടങ്ങി. വേമ്പനാട് കായലും അറബിക്കടലുമായി ബന്ധമുള്ള അരൂർ കൈതപ്പുഴ കായലിനു കുറുകെയാണ് പാലം നിർമിക്കുന്നത്. അരൂർ–കുമ്പളം പാലം നിർമിക്കാനായി മണ്ണ് പരിശോധന തുടങ്ങി. 2 ആഴ്ചയ്ക്കുള്ളിൽ മണ്ണ് പരിശോധന പൂർത്തിയാക്കും.
കോൽക്കട്ട കേന്ദ്രീകരിച്ചുള്ള റെയിൽ ഇൻഫ്രാ കൺസ്ട്രക്‌ഷൻ എന്ന കരാറുകാരാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 2 വർഷം കൊണ്ട് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കും. കോന്തുരുത്തി– നെട്ടൂർ, നെട്ടൂർ– കുമ്പളം, കുമ്പളം– അരൂർ എന്നീ മൂന്ന് പാലങ്ങൾക്കുമായി 208 കോടിയാണ് അനുവദിച്ചിരിക്കുന്നത്. മണ്ണ് പരിശോധനയ്ക്കായി എടുക്കുന്ന സാംപിളുകൾ ടെസ്റ്റ് ചെയ്യുന്നത് കൊച്ചിയിലെ കേന്ദ്രസർക്കാർ അംഗീകാരമുള്ള ലാബിലാണ്. പരിശോധന ഫലം വന്നു കഴിഞ്ഞാൽ റെയിൽവേ പാലത്തിന്റെ ഡിസൈൻ തയാറാക്കും.
അരൂർ–കുമ്പളം പാലം 854.5 മീറ്റർ വരും, നെട്ടൂർ –കുമ്പളം 158.6 മീറ്ററും, കോന്തുരുത്തി –നെട്ടൂർ പാലം 152.5 മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. അരൂർ –കുമ്പളം റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി അരൂർ, കോടംതുരുത്ത്, എഴുപുന്ന, കുത്തിയതോട്, തുറവൂർ എന്നീ വില്ലേജുകളിൽപ്പെട്ട 796 കൈവശക്കാരിൽ നിന്നു 8 ഹെക്ടറിനുമേൽ ഭൂമി റെയിൽവേ ഏറ്റെടുക്കുന്നതിനുള്ള അവസാന ഘട്ട നടപടിയിലാണ്.
അമ്പലപ്പുഴ മുതൽ എറണാകുളം വരെ 70 കിലോ മീറ്ററാണ് പാത ഇരട്ടിപ്പിക്കുന്നത്. 102 കിലോമീറ്റർ ദൈർഘ്യമുള്ള കായംകുളം – എറണാകുളം തീരദേശപാത പ്രാബല്യത്തിൽ വന്നിട്ട് 34 വർഷം പിന്നിടുന്നു. 102 കിലോ മീറ്റർ തീരദേശ പാതയിൽ 20 സ്റ്റേഷനുകളാണ് സ്ഥിതിചെയ്യുന്നത്. പാത ഇരട്ടിപ്പിക്കുന്നതിനായുള്ള ആലോചന തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി.