ADVERTISEMENT

മലയാറ്റൂർ∙ ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ കുരിശുമുടി കയറി. പെസഹ വ്യാഴം വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം ദു:ഖവെള്ളിയും വലിയ ശനിയും കടന്നു വിശുദ്ധ വാരത്തിലെ അവസാന ദിനത്തിലേക്ക് ഇടവേളകളില്ലാതെ തുടർന്നു. ശനിയാഴ്ച അർധ രാത്രിക്കു മുൻപ് കുരിശുമുടി പള്ളിയിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ദൈവപുത്രൻ ‍ഉത്ഥിതനായ പുതിയ പുലരിയിലെ കുർബാനയിൽ പങ്കെടുത്ത് വിശ്വാസികൾ കുരിശുമുടിയിറങ്ങി.‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം‍’ എന്നു പ്രാർഥിച്ചു കയറിയവർ ‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മലയിറക്കം’ എന്നു പ്രാർഥിച്ചാണു മലയിറങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ കുരിശുമുടി കയറാനെത്തി. കാൽനടയായി അനേകം കാതം താണ്ടി എത്തിയവരും ധാരാളം ഉണ്ടായിരുന്നു. തീർഥാടകരുടെ മലകയറ്റം തുടരുമെങ്കിലും പുതു‍ഞായർ ആഘോഷ ദിനങ്ങളിലാണ് ഇനി തിരക്ക് കൂടുക. പുതുഞായർ തിരുനാളിനു കുരിശുമുടിയിലും താഴത്തെ പള്ളിയിലും 4 നു കൊടിയേറും. ഏഴിനാണ് പുതുഞായർ തിരുനാൾ ദിനം. എട്ടാമിടം തിരുനാൾ 12 മുതൽ 14 വരെ ആഘോഷിക്കും.

ഈസ്റ്റർ ദിന തിരുക്കർമങ്ങൾക്ക് പ്രാർഥനാപൂർവം ആയിരങ്ങൾ 
കൊച്ചി∙ യേശുക്രിസ്തുവിന്റെ പുനരുദ്ധാരണ സ്മരണ പുതുക്കി പള്ളികളിൽ തിരുക്കർമങ്ങൾ നടന്നു. പാതിരാ കുർബാനയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. സിറോ മലബാ‍ർ സഭ കോതമംഗലം രൂപതയിലെ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ നടന്ന പാതിരാ കുർബാനയിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് തിരുക്കർമങ്ങൾക്ക് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപത ആസ്ഥാനമായ ഫോർട്ടുകൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുക്കർമങ്ങൾക്ക് ബിഷപ് ഡോ. ജോസഫ് കരിയിലും മുഖ്യ കാർമികത്വം വഹിച്ചു. യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ ഉയിർപ്പ് തിരുനാൾ കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com