ഫാക്ട് ടൗൺഷിപ് ഹൈസ്കൂൾ പൂട്ടി, ഇരട്ടത്താഴിട്ട്
Mail This Article
ഏലൂർ ∙ ഫാക്ട് ടൗൺഷിപ് ഹൈസ്കൂളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം വിലക്കിയ ഫാക്ട് മാനേജ്മെന്റ് സ്കൂൾ ക്യാംപസിലേക്കുള്ള ഗേറ്റും കെട്ടിടത്തിലേക്കു പ്രവേശിക്കാനുള്ള ഗേറ്റും ഇരട്ടത്താഴിട്ടു പൂട്ടി. സ്കൂളിന്റെ നടത്തിപ്പുകാരായ ഫാക്ട് എംപ്ലോയീസ് എജ്യുക്കേഷനൽ ആൻഡ് സർവീസ് സൊസൈറ്റി സ്കൂൾ കെട്ടിടത്തിന്റെ താക്കോൽ മാർച്ച് 31ന് ഫാക്ട് മാനേജ്മെന്റിനെ തിരിച്ചേൽപിച്ചിരുന്നു. ഈ താക്കോൽ കാണാതെ പോയതിനാലാണു പുതിയ താഴിട്ടു വീണ്ടും പൂട്ടിയതെന്നാണു ഫാക്ട് മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന്റെ ഭാവിയെക്കുറിച്ചും ഇവിടെ പഠിക്കുന്ന 126 വിദ്യാർഥികളുടെയും അധ്യാപകരടക്കം 26 ജീവനക്കാരുടെയും ഭാവിയെ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിന് ഇന്ന് വൈകിട്ട് 4.30ന് അടിയന്തര പിടിഎ യോഗം ചേരാനിരിക്കെയാണു ഫാക്ട് മാനേജ്മെന്റ് സ്കൂളിലേക്കുള്ള പ്രവേശനം തടഞ്ഞ് ഇന്നലെ രാവിലെ ഗേറ്റുകൾ ഇരട്ടത്താഴിട്ടു പൂട്ടിയത്.
കുട്ടികളുടെ പരീക്ഷാഫലം മേയ് 2ന് പ്രസിദ്ധീകരിക്കേണ്ട ജോലികളും ടിസി നൽകേണ്ട ജോലികളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി ഓഫിസ് തുറന്നു പ്രവർത്തിക്കുന്നതിനു മേയ് 10വരെ സമയം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു സൊസൈറ്റി ഭാരവാഹികൾ തിങ്കളാഴ്ച ചേർന്ന പിടിഎ എക്സിക്യൂട്ടീവ് യോഗത്തിൽ അറിയിച്ചിരുന്നത്. ഫാക്ട് ടൗൺഷിപ് ഹൈസ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്നു ഫാക്ട് മാനേജ്മെന്റ് പിന്തിരിയണമെന്നു ഹൈസ്കൂൾ അലുംനെ അസോസിയേഷൻ ആവശ്യപ്പെട്ടു. എല്ലാ വർഷവും പ്രവേശനം തുടങ്ങുന്ന സമയമാകുമ്പോൾ നോട്ടിസ് നൽകി വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക പരത്തുന്നതു നീതികേടാണെന്നും അവർ ചൂണ്ടിക്കാട്ടി.