പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചിട്ട് 9 ദിവസം; ശക്തമായ പുക: ആശങ്ക

Mail This Article
ബ്രഹ്മപുരം∙ മെംബർ ജംക്‌ഷനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചിട്ട് 9 ദിവസം പിന്നിട്ടു. ചൂട് കൂടിയതിനാൽ ശക്തമായി മാലിന്യത്തിൽ നിന്നു പുക ഉയരുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പുക ശമിപ്പിക്കുന്നതിനുള്ള ജോലികൾ നടക്കുന്നുണ്ട്. ഇതിനിടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിൽ ശക്തമായ സമരവുമായി പോകാനാണ് നാട്ടുകാരുടെ തീരുമാനം.
അടുത്ത ദിവസം പ്രതിഷേധ സമരം ഉൾപ്പെടെ നടത്തുമെന്ന് പഞ്ചായത്ത് അംഗം നവാസ് അറിയിച്ചു. സ്ഥലത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്തവരെ ഗുണ്ടാ സംഘങ്ങൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സ്വകാര്യ സ്ഥലത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കുവാൻ ഇൻഫോ പാർക്ക് പൊലീസ് തയാറായിട്ടില്ല. ഇത് നാട്ടുകാർക്ക് ഇടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വകാര്യ സ്ഥലത്ത് വൻ തോതിൽ മാലിന്യം തള്ളാൻ അനുമതി നൽകിയതാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിന് സമീപത്ത് തന്നെയാണ് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രവും.