ADVERTISEMENT

എളങ്കുന്നപ്പുഴ∙ ക്ലച്ച് തകരാറിനെ തുടർന്നു അറ്റകുറ്റപ്പണിക്കു നീക്കിയ റോ-റോ സേതുസാഗർ -1 തിരിച്ചെത്താൻ വൈകിയേക്കും. ഒരു റോ-റോ മാത്രമായതോടെ സർവീസ് താളം തെറ്റുന്നു. ആയിരക്കണക്കിനു വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന വൈപ്പിൻ ഫോർട്ട്‌കൊച്ചി റൂട്ടിലെ യാത്രാക്ലേശത്തിനു പരിഹാരം ഇനിയും അകലെ.  അക്കരെയിക്കരെയിറങ്ങാൻ യാത്രക്കാർ മണിക്കൂർ കാത്തു നിൽക്കുമ്പോഴും ബദൽ സംവിധാനമായി ബോട്ട് സർവീസ് ആരംഭിക്കാനും നടപടിയില്ല. 2 റോ-റോ സുഗമമായി സർവീസ് നടത്തണമെങ്കിൽ 3-ാമത് ഒന്നു കൂടി വേണമെന്നു സർവീസ് ആരംഭം മുതൽ വൈപ്പിൻ ജനകീയ കൂട്ടായ്മ ഉയർത്തിയ ആവശ്യം ആദ്യകാലത്ത് കൊച്ചി കോർപറേഷൻ അധികൃതർ തള്ളിക്കളയുകയായിരുന്നു.

സർവീസിൽ ഇടയ്ക്കിടെ റോ-റോ ഒരെണ്ണം മുടങ്ങിയതോടെയാണു അധികൃതർ കണ്ണുതുറന്നത്. 3-ാം റോ- റോ നിർമിക്കുന്നതിനായി മേയർ മുൻകൈ എടുത്തതിനെ തുടർന്നു സംസ്ഥാന ബജറ്റിൽ 10 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ലഭിച്ചില്ല.തുടർന്നു അദ്ദേഹത്തിന്റെ ഇടപെടൽമൂലം  കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ( സിഎസ്എംഎൽ) റോ-റോ നിർമാണത്തിനു തയാറാവുകയും കൊച്ചിൻഷിപ്പ്‌യാർഡിനെ കൂടി ഉൾപ്പെടുത്തി ധാരണാപത്രമുണ്ടാക്കുകയും ചെയ്തു. ഫെബ്രുവരിയിൽ നിർമാണം തുടങ്ങാനായിരുന്നു നീക്കം.

ഇതിനായി 10 കോടി രൂപയാണു അനുവദിച്ചത്. നിർമാണച്ചെലവ് കൂടുമെന്നു ഷിപ്പ്‌യാർഡ് അറിയച്ചതോടെ 15 കോടിയായി ഉയർത്തി. 3 കോടി രൂപ കോർപറേഷനു കൈമാറുകയും ചെയ്തു.  ഇതിനിടെ നിർമാണച്ചെലവ് കൂടുതലാണെന്ന ആക്ഷേപവുമായി യുഡിഎഫും കോർപറേഷനിലെ പ്രതിപക്ഷവും രംഗത്തെത്തി. വിവാദം ഉയർന്നതോടെ ഷിപ്പ്‌യാർഡ് നിർമാണത്തിനു മുൻകൈ എടുക്കുക്കാതായി. ജൂണിൽ സിഎസ്എംഎല്ലിന്റെ കാലാവധി അവസാനിക്കും.

അതിനു മുൻപായി പദ്ധതിയുടെ വിശദപദ്ധതിരേഖ( ഡിപിആർ) കോർപറേഷനും സിഎസ്എംഎല്ലും അംഗീകരിച്ചു മുഴുവൻ തുകയും കോർപറേഷനു  കൈമാറിയില്ലെങ്കിൽ ഫണ്ട് ലാപ്‌സാകും. ഇതോടെ 3-ാം റേ-ാറോ സ്വപ്നമാകും.യാത്രാക്ലേശത്തിനു ശാശ്വതപരിഹാരം 3-ാമത് റോ-റോ മാത്രമാണെന്നിരിക്കെ വിവാദം തള്ളിക്കളഞ്ഞു ഡിപിആർ അംഗീകരിച്ചു നിർമാണം തുടങ്ങുന്നതിനു  കോർപറേഷനും സിഎസ്എംഎല്ലും ഷിപ്പ്‌യാർഡും അടിയന്തരനടപടി സ്വീകരിക്കണമെന്നു റോ- റോ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽകൺവീനർ ജോണി വൈപ്പിൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com