ADVERTISEMENT

വൈപ്പിൻ ∙ വൈപ്പിൻ – മുനമ്പം സംസ്ഥാന പാതയിൽ വാഹനത്തിരക്ക് അതിരൂക്ഷം. ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തി വാഹനങ്ങൾ ഒടിക്കുന്നവർ മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്നു. ഇടതു വശത്തു കൂടിയും വലതുവശത്തു കൂടിയും അമിതവേഗത്തിൽ വെട്ടിച്ചു കയറുന്ന ഇരുചക്രവാഹന യാത്രികരാണ് പ്രധാന ഭീഷണി. എറണാകുളത്തു നിന്നു വൈപ്പിനിലേക്ക് വൈകിട്ട് 5 മണിയോടെ തുടങ്ങുന്ന തിരക്ക് രാത്രി 8 വരെ തുടരും.

രാവിലെ 8 മുതൽ 9.30 വരെ എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ഈ സമയങ്ങളിൽ അലക്ഷ്യമായി വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാൻ പൊലീസിന്റെ സാന്നിധ്യം വേണമെന്ന ആവശ്യമുയരുന്നുണ്ട്.  കോവിഡ് കാലത്തിനു ശേഷം ഇരുചക്രവാഹനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. വൈകുന്നേരം സംസ്ഥാന പാതയിലേക്ക് കടക്കുന്ന കണ്ടെയ്നർ ലോറികളും വാഹനത്തിരക്ക് വർധിക്കാനുള്ള കാരണമാണ്.

അശാസ്ത്രീയമായ ചില ബസ് സ്റ്റോപ്പുകളിൽ ഒരേസമയം ഇരുവശത്തേക്കും പോകുന്ന ബസുകൾ നിർത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗത തടസ്സവും വൈപ്പിനിൽ പതിവാണ്.  റോഡിന്റെ വശങ്ങൾ മോടി പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കത്തിലുണ്ടായിരുന്ന വേഗം ഇപ്പോഴില്ല. ഈ നിർമാണ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നതും വൈപ്പിൻകരയുടെ മധ്യഭാഗത്ത് വാഹനക്കുരുക്ക് സൃഷ്ടിക്കാൻ കാരണമാണ്.

റോഡിന്റെ അതേ നിരപ്പിൽ തന്നെ നടപ്പാത നിർമിക്കപ്പെട്ട ഇടങ്ങളിൽ കാൽനടയാത്രികർക്കു പോലും വാഹനങ്ങളെ പേടിക്കാതെ നടക്കാൻ വയ്യ. ഈ മേഖലകളിലുള്ള അനധികൃത വാഹന പാർക്കിങ്ങും ഗതാഗത തടസ്സത്തിനു കാരണമാകുന്നു. മുനമ്പം – അഴീക്കോട് പാലം നിർമാണം പൂർത്തീകരിക്കുന്നതോടെ സംസ്ഥാനപാതയിലെ വാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകും.

ഇതു മുന്നിൽക്കണ്ടു സംസ്ഥാനപാതയ്ക്കു പുറമേ മറ്റു മാർഗങ്ങൾ കൂടി സജ്ജമാക്കണം. നിലവാരമുള്ള ഒരു ബീച്ച് റോഡ് വൈപ്പിൻ കരയ്ക്ക് ആവശ്യമാണ്. അതോടൊപ്പം ശാസ്ത്രീയമായ റോഡ് സുരക്ഷാ പദ്ധതി കൂടി തയാറാക്കണമെന്നും വൈപ്പിൻ നിവാസികൾ പറയുന്നു. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ തയാറാക്കാൻ ജനപ്രതിനിധികൾ  മുൻകയ്യെടുക്കണമെന്നാണ് അവരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com