ADVERTISEMENT

അങ്കമാലി ∙ അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയോട് അനുബന്ധിച്ചുള്ള റോഡ്, ഡ്രെയ്നേജ് തുടങ്ങിയവയുടെ നിർമാണം മന്ദഗതിയിൽ. കുറ‍‍ച്ചു ജോലിക്കാരെ മാത്രം ഉപയോഗിച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണു പ്രവൃത്തികൾ മെല്ലെ നീങ്ങുന്നത്. ഈ മാസം മുപ്പതിനകം പാത ഗതാഗതത്തിനു സജ്ജമാകുമെന്നായിരുന്നു കരാറുകാരൻ ജനപ്രതിനിധികളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ ഗതാഗത സജ്ജമാകാൻ ഇനിയും രണ്ടുമാസം കൂടി വേണ്ടിവരുമെന്നാണു നാട്ടുകാർ പറയുന്നത്.

കൂടുതൽ ജോലിക്കാരെ നിയോഗിച്ചു നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി പാത എത്രയും വേഗം ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. അടിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗത്ത് അപ്പുറവും ഇപ്പുറവും ഉള്ളവർ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് പോകുന്നത്. ഇതിലൂടെയുള്ള ബസ് സർവീസ് നിർത്തിയിട്ട് മാസങ്ങളേറെയായി. മഴയ്ക്കു മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ലെങ്കിൽ നിർമാണം വീണ്ടും നീണ്ടുപോയേക്കും.

അനുബന്ധ റോഡ്, ഡ്രെയ്നേജ്, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയാകാനുള്ളത്. അടിപ്പാതയുടെ നിർമാണം പൂർത്തിയായി. അനുബന്ധ റോഡിനായുള്ള മണ്ണെടുത്തു. കാനയ്ക്കായി നീളത്തിൽ കുഴിയെടുത്തു. രണ്ടു വശങ്ങളിലും റെയിലിന്റെ ഭാഗം വരുന്നിടത്ത് സംരക്ഷണഭിത്തിയുടെ കോൺക്രീറ്റിങ് തുടങ്ങി. ഈ ജോലികളൊക്കെ കൂടുതൽ തൊഴിലാളികളെ നിയമിച്ച് വേഗത്തിലാക്കണമെന്നാണു നാട്ടുകാരു‌‌ടെ ആവശ്യം.

കഴിഞ്ഞ ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ പാത നാടിനു സമർപ്പിച്ചെങ്കിലും പാത അന്ന് ഗതാഗത സജ്ജമായിരുന്നില്ല. രണ്ടു വാഹനങ്ങൾക്കു കടന്നു പോകാൻ സാധിക്കുന്ന തരത്തിലാണു പാത നിർമിച്ചിട്ടുള്ളത്. 7 മീറ്റർ വീതിയും 3.6 മീറ്റർ ഉയരവുമുണ്ട്. അടിപ്പാത ഗതാഗത സജ്ജമാകുന്നതോടെ അങ്കമാലിയിൽ നിന്നു പുളിയനം, വട്ടപ്പറമ്പ്, കോടുശേരി, മൂഴിക്കുളം, അന്നമനട, മാള തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരുടെ യാത്രാദുരിതത്തിനു പരിഹാരമാകും.

റെയിൽവേ ഗേറ്റിൽ വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടേണ്ട അവസ്ഥയായിരുന്നു. ആംബുലൻസ് അടക്കമുള്ള അവശ്യ സർവീസുകൾ ഏറെ നേരം ഗേറ്റിൽ കാത്തു കിടക്കുമായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരും രോഗികളുമൊക്കെ ഗേറ്റിൽ കുടുങ്ങിയിട്ടുണ്ട്. സ്വകാര്യബസുകൾക്കു യഥാസമയം ഓടിയെത്താൻ കഴിയുമായിരുന്നില്ല. ഗേറ്റിലും പരിസരങ്ങളിലും വൻഗതാഗതക്കുരുക്ക് പതിവുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com