ആശുപത്രി തുടങ്ങി 34 വർഷത്തിന് ശേഷം തുറക്കുന്നു, പ്രസവ വാർഡ്; ഉദ്ഘാടനം 21ന്
Mail This Article
പീരുമേട് ∙ താലൂക്ക് ആശുപത്രിയിൽ പുതിയതായി പണി കഴിപ്പിച്ച പ്രസവ വാർഡ് 21നു നാടിനു സമർപ്പിക്കുന്നു. 1988 ജൂലൈ 14ന് ആണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ പരാതികൾക്കും നിവേദനങ്ങൾക്ക് ഒടുവിൽ മൂന്നര പതിറ്റാണ്ട് കാത്തിരിപ്പിനു ശേഷമാണ് പ്രസവ വാർഡ് യാഥാർഥ്യമാകുന്നത്.
താലൂക്കിലെ സർക്കാർ ആശുപത്രികളിൽ ഒന്നും ലേബർ റൂം ഇല്ലാത്തതിനാൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ എത്തേണ്ട സാഹചര്യത്തിനാണ് തിങ്കൾ മുതൽ മാറ്റം വരുന്നത്. തേയിലത്തോട്ടം വ്യവസായത്തിലെ പ്രതിസന്ധിയെ തുടർന്ന് എസ്റ്റേറ്റ് ആശുപത്രികൾ ഒന്നടങ്കം അടച്ചു പൂട്ടിയതോടെ താലൂക്ക് ആശുപത്രിയാണ് തൊഴിലാളികൾക്ക് ആശ്രയം.
ഈ സാഹചര്യത്തിൽ പ്രസവ വാർഡ് ഉൾപ്പെടെ ആശുപത്രിയുടെ വികസനം നാട്ടുകാർക്കും തൊഴിലാളികൾക്കും ഏറെ പ്രതീക്ഷ നൽകുന്നു. 21നു രാവിലെ 10നു ചേരുന്ന സമ്മേളനത്തിൽ പ്രസവ വാർഡിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. നവീകരിച്ച വാർഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ചെലവ് 5.35കോടി
രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച 5.35 കോടി രൂപയാണ് വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരിക്കുന്നത്. 2014ൽ 2.35 കോടി, 2015ൽ 3 കോടി എന്നിവ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഇതിനിടെ നിർമാണ പ്രവർത്തനങ്ങൾ വൈകിയതിനെ തുടർന്ന് പൊതുപ്രവർത്തകനായ ടി.എം.ആസാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇഴഞ്ഞു നീങ്ങിയ നിർമാണ നടപടി വേഗത്തിലാക്കാൻ കോടതിയുടെ ഇടപെടലുകൾ സഹായകമായി.
30 കിടക്കകൾ
നവീകരിച്ച പ്രസവാനന്തര വാർഡിൽ 30 കിടക്കകളാണ് ക്രമീകരിച്ചിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി 32.5 ലക്ഷം രൂപയാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചിരിക്കുന്നത്. ഇതിനു പുറമേ കൊച്ചിൻ ഷിപ്‌യാഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് രക്തസംഭരണ യൂണിറ്റും സ്ഥാപിച്ചു.