ടിക്കറ്റ് നൽകാൻ ‘ഇരുട്ടിൽ തപ്പണം’; ടിക്കറ്റ് കൗണ്ടറിൽ വൈദ്യുതിയില്ല
Mail This Article
കുമളി ∙ ലക്ഷക്കണക്കിനു രൂപ മാസം തോറും വരുമാനമുള്ള വനം വകുപ്പിന് വിനോദ സഞ്ചാരികൾക്കുള്ള ടിക്കറ്റ് കൗണ്ടറിൽ വൈദ്യുത കണക്‌ഷൻ എടുക്കാൻ പണമില്ല. വെളുപ്പിന് അഞ്ചരയ്ക്ക് ജോലിക്കെത്തുന്ന ജീവനക്കാർ പ്രവേശന ടിക്കറ്റുകൾ കൊടുക്കുന്നത് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിലാണ്. തേക്കടി സഞ്ചാരികൾക്കായുള്ള, ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിലെ ടിക്കറ്റ് കൗണ്ടറിലാണ് ഈ ദയനീയാവസ്ഥ.
അസൗകര്യങ്ങളുടെ പേര് പറഞ്ഞ് പഴയ ടിക്കറ്റ് കൗണ്ടർ കോഫി ഷോപ്പാക്കി മാറ്റി പുതിയ കൗണ്ടർ പണിതപ്പോൾ അത് മുൻപത്തെക്കാളേറെ അസൗകര്യങ്ങൾ ഉള്ളതായി. പഴയ കൗണ്ടറിൽ ജീവനക്കാർക്ക് ഇരുന്ന് ടിക്കറ്റ് കൊടുക്കാൻ സൗകര്യം ഉണ്ടായിരുന്നു. പുതിയ കൗണ്ടറിൽ രാവിലെ മുതൽ വൈകിട്ട് വരെ നിൽക്കാനാണ് അവരുടെ വിധി. ഇന്നലെ രാവിലെ ടിക്കറ്റ് കൗണ്ടർ തുറക്കുമ്പോൾ പുറത്തു വെളിച്ചം വീശിയിരുന്നെങ്കിലും കൗണ്ടറിനുള്ളിൽ നല്ല ഇരുട്ടായിരുന്നു.
ടിക്കറ്റ് എടുക്കാൻ സഞ്ചാരികൾ കാത്തുനിന്നിരുന്നതിനാൽ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചാണ് ജീവനക്കാർ ജോലി ആരംഭിച്ചത്. മഴയും മഞ്ഞും ഉള്ള ദിവസങ്ങളിൽ ഇവിടെയുള്ള പതിവ് കാഴ്ചയാണിത്. ഈ ബുദ്ധിമുട്ട് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്താൻ ആരും തയാറാകുന്നില്ല.