ADVERTISEMENT

ചെറുതോണി ∙ ഐഡിയകളുടെ പുത്തൻ ലോകമൊരുക്കി ഇടുക്കി ഗവ.എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ഐഐടി മദ്രാസ് ഇൻകുബേഷൻ സെല്ലുമായി ചേർന്ന് വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലനം നൽകുന്നതിനായി ആരംഭിച്ച പ്രോജക്ട് അധിഷ്ഠിത പഠന രീതിയായ എൽഇഎപി (ലീപ് – ലേണിങ് എൻജിനീയറിങ് ത്രൂ ആക്ടിവിറ്റി പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ രൂപകൽപന നടത്തിയ പ്രവർത്തന മാതൃകകളാണ് ശ്രദ്ധേയമായത്.

കോളജിലെ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 27 രണ്ടാം വർഷ വിദ്യാർഥികൾ സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിലാണ് രൂപകൽപന നടത്തിയത്. തുടർന്ന് കോളജിലെ ഓപ്പൺ ഹൗസിൽ പ്രദർശിപ്പിച്ച ഇതിന്റെ പ്രവർത്തന മാതൃകകളിൽ ബൈക്ക് ആക്സിഡന്റ് ഡിറ്റക്ടറും റോബട്ടിക് ഫീഡറും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 

∙ ബൈക്ക് ആക്സിഡന്റ് ഡിറ്റക്ടർ

സെൻസറുകൾ ഉപയോഗിച്ച് നിർമിച്ച ബൈക്ക് ആക്സിഡന്റ് ഡിറ്റക്ടർ, ബൈക്ക് അപകടം ഉണ്ടാകുമ്പോൾ അപകടം നടന്ന സ്ഥലം കൃത്യമായി നിർണയിച്ച് സ്വമേധയാ കുറെ നമ്പറുകളിലേക്ക് എസ്എംഎസ് അയയ്ക്കും. ഇതോടൊപ്പം, മുൻപ് സേവ് ചെയ്തിട്ടുള്ള ഒരു നമ്പറിൽ വിളിക്കുകയും ചെയ്യും.

അപകടത്തിൽ പരുക്കേറ്റ് സഹായത്തിനായി വിളിക്കാൻ കഴിയാത്ത അവസരങ്ങളിൽ ഇത് വളരെ പ്രയോജനപ്രദമാണ്. വിദ്യാർഥികളായ ആദിത്യൻ, ഹാഫിസ് മുഹമ്മദ്, ആദിത്യ, അമൽഷാ, പ്രിയാഷ എന്നിവർ ചേർന്നാണ് ഡിറ്റക്ടർ ഡിസൈൻ ചെയ്ത് അവതരിപ്പിച്ചത്.

∙ റോബട്ടിക് ഫീഡർ

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പ്രായമായവർക്കും ഭക്ഷണം നൽകുന്നതിനുള്ള സംവിധാനമാണ് റോബട്ടിക് ഫീഡർ. ഇതിൽ ഒരു റോബട്ടിന്റെ കയ്യിലുള്ള ഒരു സ്പൂൺ ഭക്ഷണം എടുത്ത് വ്യക്തിയുടെ മുഖത്തിനു സമീപം വരെ എത്തിക്കും. വൈഷ്ണവ്, അമൽ ഷാജി, വിസ്മയ, റിൻഷ, മാനുവൽ സണ്ണി എന്നിവർ ചേർന്നാണ് റോബട്ടിക് ഫീഡർ നിർമിച്ചത്.

എതിരെ വരുന്ന വാഹനം ക്യാമറയിലൂടെ കണ്ടെത്തുമ്പോൾ ഹെഡ്‌ലൈറ്റ് ഡിപ് ചെയ്യുന്ന ഓട്ടമാറ്റിക് ഹെഡ്‌ലൈറ്റ് ഡിമർ, സ്മാർട്ട് മെഡിസിൻ ബോക്സ്, ഓട്ടമാറ്റിക് ദോശ നിർമാണ യൂണിറ്റ് എന്നീ പ്രവർത്തന മാതൃകകളും എൽഇഎപി പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോളജിൽ നടന്ന ലീപ് പ്രോഗ്രാമിൽ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ മുൻ പ്രസിഡന്റ് ഒ.എ.നിസാം, തിരുനെൽവേലി റിഷോൺ കമ്യൂണിക്കേഷനിലെ മണികണ്ഠൻ,

ചെന്നൈ വായു ശാസ്ത്ര എയ്റോസ്പേസിലെ ജഗദീഷ് കണ്ണ എന്നിവർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ.എം.ജെ.ജലജ, എൽഇഎപി കോ ഓർഡിനേറ്റർ ഡോ.റീന നായർ എന്നിവർ നേതൃത്വം നൽകി. 2022 മാർച്ചിൽ ഡോ.എം.ജെ.ജലജയും പ്രഫ. തിമോത്തി എ. ഗൊൺസാൽവസും ചേർന്ന് ഒപ്പിട്ട ധാരണാ പത്ര പ്രകാരം തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് ഐഐടി മദ്രാസ് ഇൻകുബേഷൻ സെല്ലിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com