നെടുങ്കണ്ടം ∙ നെടുങ്കണ്ടം മേഖല കേന്ദ്രീകരിച്ച് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം. മേഖലയിൽ കഴിഞ്ഞ ഒരു മാസമായി ഭിക്ഷാടന മാഫിയ പിടിമുറുക്കിയിട്ടും അധികൃതർ കണ്ടമട്ടില്ല. സേഫ്റ്റി പിൻ വിൽപനയ്ക്കാണ് കുട്ടികളെ ഉപയോഗിക്കുന്നത്. ടൗണിൽ ജനങ്ങളുടെ അടുക്കൽ ചെല്ലുന്ന കുട്ടികൾ സേഫ്റ്റി പിൻ വിൽപനക്കായി അടുത്തെത്തും. ശേഷം ‘പട്ടിണിയാണ് സാർ ഭക്ഷണം കഴിക്കാൻ 10 രൂപ വേണം’ എന്ന് ആവശ്യപ്പെടും. 3 കുട്ടികൾ വീതമുള്ള സംഘങ്ങളാണ് ടൗണിലുള്ളത്.
കുട്ടികളെ നിരീക്ഷിക്കാനായി യുവതിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘവുമുണ്ട്. കുട്ടികൾ ശേഖരിക്കുന്ന തുക ഒപ്പമുള്ള സ്ത്രീകൾ വാങ്ങിയെടുക്കും. തൂക്കുപാലം, നെടുങ്കണ്ടം ടൗൺ കേന്ദ്രീകരിച്ച് ശനി ഞായർ, ദിവസങ്ങളിൽ ഇത്തരം സംഘങ്ങളുടെ സാന്നിധ്യം കൂടുതലാണ്. രണ്ടാഴ്ചയായി നെടുങ്കണ്ടം ടൗണിൽ കടുത്ത വെയിലുള്ള സമയത്താണ് കുരുന്നുകളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും സേഫ്റ്റി പിൻ കച്ചവടവും നടത്തുന്നത്.
മൂന്നിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ടൗണിൽ തമ്പടിച്ചിരിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് കുട്ടികൾ റോഡ് കുറുകെ കടക്കുന്നതും വാഹനങ്ങൾക്കൊപ്പം ഓടിയെത്തി ഭിക്ഷ തേടാൻ ശ്രമിക്കുന്നതും അപകടത്തിനും ഇടയാക്കുന്നുണ്ട്. കുട്ടികളെ എത്തിച്ചിരിക്കുന്നത് തമിഴ് ഭിക്ഷാടന മാഫിയ എന്നാണു വിവരം. പകൽ സമയത്ത് ചെരിപ്പ് പോലും ഇല്ലാതെയാണ് കുട്ടികൾ ഭിക്ഷാടനം നടത്തുന്നത്.