ADVERTISEMENT

രാജകുമാരി∙ ചിന്നക്കനാൽ ബിഎൽ റാമിൽ ഒറ്റയാൻ അരിക്കൊമ്പൻ വീണ്ടും 2 വീടുകൾ തകർത്തു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് മണി ചെട്ടിയാർ, മുരുകൻ എന്നിവരുടെ വീടുകൾ തകർത്തത്. ഇരുവീടുകളിലും താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ അതിഥിത്തൊഴിലാളി കൾ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. മണി ചെട്ടിയാരുടെ വീട്ടിൽ 2 കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്.

അരിക്കൊമ്പൻ വീടിന്റെ ഭിത്തി തള്ളിയിട്ടതോടെ പിൻവാതിലിലൂടെ മാതാപിതാക്കൾ കുട്ടികളെയുമെടുത്ത് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മുരുകന്റെ വീട്ടിൽ 3 കുട്ടികളുൾപ്പെടെ 7 അംഗ കുടുംബമാണ് താമസിച്ചിരുന്നത്. ഒറ്റയാൻ ഇൗ വീടിന്റെ ഒരു ഭിത്തിയും തകർത്തു. വീടിനകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ബിഎൽ റാമിൽ 4 വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. 9 അംഗങ്ങളുള്ള പിടിയാനക്കൂട്ടവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

വയനാടൻ സംഘം ഇന്നെത്തും

ഇടുക്കി ജില്ലയിലെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി വയനാട്ടിൽ നിന്നുള്ള ദൗത്യസംഘാംഗങ്ങൾ ഇന്നു ശാന്തൻപാറയിലെത്തും. 5 പേരടങ്ങുന്ന സംഘത്തിൽ ഡോ. അരുൺ സക്കറിയ ഇല്ല. അദ്ദേഹം പിന്നീടു ചേരുമെന്നു മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ് പറഞ്ഞു.

ഇടുക്കി ചിന്നക്കനാലിനു സമീപം കണ്ടെത്തിയ കാട്ടാനയുടെ ജഡം.
ഇടുക്കി ചിന്നക്കനാലിനു സമീപം കണ്ടെത്തിയ കാട്ടാനയുടെ ജഡം.

‘സിഗരറ്റ് കൊമ്പൻ’ ചരിഞ്ഞു, കാട്ടാനയ്ക്ക് വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റെന്ന് നിഗമനം

ചിന്നക്കനാൽ ∙ ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ബിഎൽ റാം സ്വദേശി ഇൗശ്വരന്റെ ഏലത്തോട്ടത്തിലാണ് ‘സിഗരറ്റ് കൊമ്പൻ’ എന്നു നാട്ടുകാർ വിളിക്കുന്ന എട്ടു വയസ്സുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേ‍ഞ്ച് ഓഫിസർ പി.വി.വെജി പറഞ്ഞു.

അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.

‘സിഗരറ്റ് ’ വലിക്കാത്ത സിഗരറ്റ് കൊമ്പൻ

ആനയിറങ്കൽ മേഖലയിലെ കുപ്രസിദ്ധ ഒറ്റയാൻമാരായ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നിവ എപ്പോഴും തനിയെ സഞ്ചരിക്കുന്നവരാണ്. എന്നാൽ, എപ്പോഴും ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണു സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനാണിത്. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണു വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്നു പേരിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com