ഇടുക്കി ജില്ലയിൽ ഇന്ന് (09-02-2023); അറിയാൻ, ഓർക്കാൻ
Mail This Article
ലേബർ കമ്മിറ്റി യോഗം മാർച്ച് 4ന്
പീരുമേട് ∙ തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കുന്ന പ്രശ്നം ചർച്ച ചെയ്യാൻ മാർച്ച് 4ന് പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം വിളിച്ചു ചേർക്കുമെന്നു തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി നിയമസഭയിൽ വാഴൂർ സോമൻ എംഎൽഎയെ അറിയിച്ചു.സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിന്റെ കാലാവധി 2021 ഡിസംബർ 31 ന് അവസാനിച്ചിരുന്നു.
തുടർന്ന് പലതവണ പി എൽസി യോഗം ചേർന്നെങ്കിലും യോജിച്ച തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ചെറിയ തുകയുടെ വർധന മാനേജ്മെന്റ് പ്രതിനിധികൾ നിർദേശിച്ചിരുന്നു എന്നാൽ തൊഴിലാളി പ്രതിനിധികൾ വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ തീരുമാനം ഉണ്ടാകാതെ യോഗം പിരിയുകയായിരുന്നു.
ഗാന്ധി സ്മാരക ക്വിസ് മത്സരം നാളെ
ഏന്തയാർ ∙ ഒലയനാട് ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ ഗാന്ധി സ്മാരക അഖില കേരള ക്വിസ് മത്സരം നാളെ നടക്കും. 10.30ന് മത്സരങ്ങൾ ആരംഭിക്കും. കേരള സിലബസിൽ ഉള്ള യുപി ക്ലാസിലെ 5,6,7 ക്ലാസുകളിലെ കുട്ടികളിൽ നിന്നും രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 9746414089
വൈദ്യുതി പ്രവഹിക്കും
കഞ്ഞിക്കുഴി∙ കത്തിപ്പാറ മുതൽ തള്ളക്കാനം വരെയും, തള്ളക്കാനം സിഎസ്ഐ മുതൽ കഞ്ഞിക്കുഴി ജംക്‌ഷൻ വരെയും പുതിയതായി വലിച്ച 11കെവി ലൈനിൽ നാളെ രാവിലെ 10 മുതൽ വൈദ്യുതി പ്രവഹിക്കും. അതിനാൽ ഈ ലൈനിൽ തൊടുകയോ വളർത്തു മൃഗങ്ങളെ കെട്ടുകയോ മരച്ചില്ലകൾ വെട്ടിമാറ്റാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് കഞ്ഞിക്കുഴി ഇലക്ട്രിക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.