ചിന്നക്കനാൽ സിംഗുകണ്ടത്ത് കയ്യേറ്റഭൂമി തിരിച്ചു പിടിച്ചു
Mail This Article
ചിന്നക്കനാൽ ∙ ആദിവാസി പുനരധിവാസ പദ്ധതിക്കായി ചിന്നക്കനാൽ സിംഗുകണ്ടത്ത് തിരിച്ചിട്ട 12 ഏക്കറിലധികം സർക്കാർ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിച്ചു. സിംഗുകണ്ടം കൂനംമാക്കൽ മത്തായി, എൽസി മത്തായി എന്നിവർ കൈവശം വച്ചിരിക്കുന്ന 8.9 ഏക്കർ, സിംഗുകണ്ടം സ്വദേശി സി.പാൽരാജ് കൈവശം വച്ച 4.7 ഏക്കർ സ്ഥലങ്ങളാണു ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം ഉടുമ്പൻചോല തഹസിൽദാരുടെ ഉത്തരവിറങ്ങിയിരുന്നു.
മത്തായി, എൽസി, പാൽരാജ് മരിച്ചതിനാൽ മകൻ ജയപാൽ എന്നിവർക്കു 2 ദിവസത്തിനകം ഭൂമി ഒഴിഞ്ഞു പോയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി റവന്യു വകുപ്പ് നോട്ടിസ് നൽകി. ഇവർ ഭൂമി ഒഴിഞ്ഞു പോകാൻ തയാറാകാതെ വന്നതോടെ പൊലീസ്, ഭൂസംരക്ഷണ സേന എന്നിവയുടെ സഹായത്തോടെ റവന്യു അധികൃതർ സ്ഥലത്തെത്തി സർക്കാർ ബോർഡ് സ്ഥാപിച്ചു.
കയ്യേറ്റ ഭൂമിയിലെ 3 വർഷം പ്രായമുള്ള ഏലച്ചെടികൾ റവന്യു സംഘം വെട്ടി. ഉടുമ്പൻചോല എൽആർ തഹസിൽദാർ സീമ ജോസഫ്, ഡപ്യൂട്ടി തഹസിൽദാർമാരായ ഹാരിസ് ഇബ്രാഹിം, സന്തോഷ് കുമാർ, ചിന്നക്കനാൽ വില്ലേജ് ഓഫിസർ സുനിൽ കെ.പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരാണ് നടപടിക്കായി എത്തിയത്.