മഴ മായ്ച്ചു, ഈ കുട്ടികളുടെ അക്ഷര സ്വപ്നങ്ങൾ
Mail This Article
നെടുങ്കണ്ടം ∙ സ്കൂൾ വാർഷിക പരീക്ഷയ്ക്കു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത മഴയിൽ വീടു തകർന്ന് വിദ്യാർഥികളുടെ പുസ്തകങ്ങൾ നനഞ്ഞുനശിച്ചു. ദുരിതത്തിലായ വിദ്യാർഥികൾ പാഠപുസ്തകങ്ങൾ വെയിലത്തുണക്കിയെടുത്തു. ആലിപ്പഴമഴയിലും ചുഴലിക്കാറ്റിലും ഇഞ്ചപ്രാവിൽ അനീഷിന്റെ വീട് തകർന്നതോടെയാണ് അനീഷിന്റെ മക്കളായ കല്ലാർ ഗവ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആര്യയുടെയും ആറാം ക്ലാസ് വിദ്യാർഥിനി മീരയുടെയും പുസ്തകങ്ങൾ നശിച്ചത്.
പുസ്തകങ്ങൾ വെയിലത്ത് ഉണങ്ങിയെടുത്ത ശേഷമാണ് കുറച്ച് സമയം ഇരുവർക്കും പഠിക്കാൻ കഴിഞ്ഞത്. നോട്ട് ബുക്കും ബാഗും അടക്കം നനഞ്ഞ് നശിച്ചു. ആര്യയ്ക്ക് ഇന്നലെ ഹിന്ദി പരീക്ഷയായിരുന്നു, മീരയ്ക്കു മലയാളവും. ഇനി 3 പരീക്ഷകൾ കൂടി ബാക്കിയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പരീക്ഷ നടന്നതിനാൽ പുസ്തകങ്ങൾ ഉണക്കാൻ സമയം കിട്ടിയെന്ന് ഇരുവരും പറയുന്നു.
നോട്ട് ബുക്കുകളെല്ലാം നശിച്ച നിലയിലാണ്. അനീഷിന്റെ വീട്ടിൽ വൈദ്യുതി ഇല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. വർഷങ്ങൾക്ക് മുൻപ് എസ്ടി വിഭാഗത്തിന് നൽകിയ സോളർ പാനൽ ഉപയോഗിച്ചാണ് ഫോൺ റീചാർജിങ് അടക്കം നടക്കുന്നത്. അനീഷ് വിദ്യാർഥിയായിരുന്ന കാലത്താണ് സോളർ പാനൽ ലഭിച്ചത്. ഇതാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.