ഭൂപ്രശ്നം: ജനപ്രതിനിധികൾ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് മാർ നെല്ലിക്കുന്നേൽ
Mail This Article
അടിമാലി ∙ ജില്ലയിൽ രൂക്ഷമായി മാറുന്ന ഭൂപ്രശ്നങ്ങളിൽ ജനപ്രതിനിധികളും നേതാക്കളും ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭ സമര പരമ്പരകളുടെ ഭാഗമായി ഇടുക്കി റീജൻ രൂപതാ കമ്മിറ്റി അടിമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാൻ.
ജനങ്ങൾ വിജയിപ്പിച്ച ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും കടമ മറന്നാൽ ഇവരെ തള്ളി പറയാൻ തയാറാകണം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ, രൂക്ഷമായ വന്യമൃഗ ശല്യം ഉൾപ്പെടുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ അഭിപ്രായം പറയേണ്ട ജനപ്രതിനിധികളും നേതാക്കളും മൗനം പാലിക്കുകയാണ്. ഇപ്പോൾ ആത്മീയ നേതാക്കളും മത നേതാക്കളുമാണ് ജനങ്ങൾക്ക് ആശ്രയമായി മാറുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്കു വേണ്ടി സംസാരിക്കേണ്ട ജന പ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും കടമ മറക്കുന്നതാണ് ഇതിനു കാരണം. കാർഷിക പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാത്ത നേതാക്കളെ തിരിച്ചറിയണം. ഹൈറേഞ്ചിന്റെ വികസനത്തിനും കർഷകരുടെ അവകാശങ്ങൾക്കുമെതിരെ നിയമങ്ങൾ വളച്ചൊടിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ ഭരണാധാകാരികൾ തയാറാകണമെന്നും മെത്രാൻ ആവശ്യപ്പെട്ടു.
ആവേശമായി പ്രതിഷേധ റാലി
പ്രതിഷേധ ജ്വാലയ്ക്ക് മുന്നോടിയായി അടിമാലി സെന്റ് ജൂഡ് പള്ളി പരിസരത്തു നിന്ന് ആരംഭിച്ച റാലി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ ഫ്ലാഗ് ഓഫ് ചെയ്തു. ഭരണാധികാരികൾക്ക് താക്കീതാകുംവിധം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്. ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ നടന്ന പ്രതിഷേധ ജ്വാലയിൽ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം അധ്യക്ഷത വഹിച്ചു.
ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, ഗ്ലോബൽ ജന. സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, കോതമംഗലം രൂപ ഡയറക്ടർ ഫാ. തോമസ് ചെറുപറമ്പിൽ, ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണം,എറണാകുളം രൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, കോതമംഗലം രൂപതാ പ്രസിഡന്റ് ജോസ് പുതിയേടം, ഇടുക്കി രൂപത ജന. സെക്രട്ടറി സിജോ ഇലന്തൂർ, ജോൺ മുണ്ടൻകാവിൽ, ഫാ. ജിൻസ് കാരക്കാട്ട്, ബേബി കൊടകല്ലിൽ, ജോസുകുട്ടി ഒഴുകയിൽ, ജെറിൻ പട്ടാംകുളം, പി.എം. ബേബി, ആഗ്നസ് ബേബി, റിൻസി ടോമി, സാബു കുന്നുപുറം, വർഗീസ് പീറ്റർ കാക്കനാട്ട്, തോമസ് മാടവന എന്നിവർ പ്രസംഗിച്ചു.