ADVERTISEMENT

ചിന്നക്കനാൽ ∙ ‘ഒരാഴ്ചത്തേയ്ക്കുള്ള അരി ഒന്നിച്ചു വാങ്ങി വീട്ടിൽ വയ്ക്കാൻ പേടിയാണ്. ഇതൊന്നും ആർക്കും അറിയേണ്ടല്ലോ’ – അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്നു കൊണ്ടുപോകാനുള്ള നടപടികളിൽ ഇനിയും താമസം വരുമെന്നറിഞ്ഞപ്പോൾ നാട്ടുകാരിൽ ഒരാളുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

അരിക്കൊമ്പനെ പിടികൂടുന്ന നടപടി വൈകുമെന്ന് അറിഞ്ഞ ദിവസം മുതൽ എന്നും രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തുകയാണു നാട്ടുകാർ. ചിന്നക്കനാലിൽ പൊലീസിനെതിരെയും വനം വകുപ്പിനെതിരെയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി.

ചിന്നക്കനാൽ സിമന്റ്പാലം ഭാഗത്ത് കാട്ടിൽ നിൽക്കുന്ന അരിക്കൊമ്പൻ.
ചിന്നക്കനാൽ സിമന്റ്പാലം ഭാഗത്ത് കാട്ടിൽ നിൽക്കുന്ന അരിക്കൊമ്പൻ.

കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം കാണാതെ നാലു കുങ്കിയാനകളെയും ചിന്നക്കനാലിൽ നിന്ന് തിരിച്ചു കൊണ്ടുപോവാൻ സമ്മതിക്കില്ലെന്ന നിലപാടിലാണു നാട്ടുകാർ.പെരിയകനാലിലും സിമന്റ്പാലത്തിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടന്നു. പെരിയകനാലിൽ സിപിഎം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

കൊമ്പനു കോളറിട്ടാൽ നിരീക്ഷണം എളുപ്പം

അരിക്കൊമ്പനു ഘടിപ്പിക്കാൻ തയാറാക്കിയിട്ടുള്ള ജിഎസ്എം കോളർ
അരിക്കൊമ്പനു ഘടിപ്പിക്കാൻ തയാറാക്കിയിട്ടുള്ള ജിഎസ്എം കോളർ

കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ജിപിഎസ് ഉപയോഗിച്ചു നിരീക്ഷിക്കുന്ന സംവിധാനമാണു റേഡിയോ കോളർ. റബർ കൊണ്ടുള്ള ബെൽറ്റാണു റേഡിയോ കോളർ. നശിച്ചു പോകാതിരിക്കാനും ആനകൾക്കു മറ്റ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാതിരിക്കാനുമാണ് റബർ കൊണ്ട് റേ‍ഡിയോ കോളർ നിർമിക്കുന്നത്. അഞ്ചു വർഷത്തോളം ഒരു റേഡിയോ കോളർ ഉപയോഗിക്കാനാവുമെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

മയക്കുവെടി വച്ച ശേഷമാണ് കാട്ടാനയുടെ കഴുത്തിൽ കോളർ ധരിപ്പിക്കുക. റേഡിയോ കോളറിൽ പ്രധാനമായും രണ്ടു യൂണിറ്റുകളാണുള്ളത്– ജിപിഎസ്, ജിഎസ്എം. വന്യമൃഗത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കാനാണ് ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം). ജിഎസ്എം എന്നാൽ ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ. മൊബൈൽ ഫോണിലേതു പോലെ ഒരു സിം റേഡിയോ കോളറിൽ ഉപയോഗിക്കും.

10 വർഷത്തോളം നിൽക്കുന്ന ബാറ്ററികളും റേഡിയോ കോളറിലുണ്ടാവും. രണ്ടു ലക്ഷം മുതൽ 5 ലക്ഷം വരെ വിലവരുന്ന റേഡിയോ കോളറുകൾ ലഭ്യമാണ്. അരിക്കൊമ്പനായി തയാറാക്കിയ റേഡിയോ കോളറിൽ ബിഎസ്എൻഎൽ സിം ആണ് ഉപയോഗിച്ചിട്ടുള്ളത്. ട്രാക്ക് ചെയ്തു തുടങ്ങിയാൽ വിവരങ്ങൾ മൊബൈൽ ആപ്പിലോ വെബ്സൈറ്റുകളിലൂടെയോ ലഭിക്കും. അരിക്കൊമ്പൻ മൊബൈൽ റേഞ്ചിലെത്തിയാൽ മാത്രമേ വിവരങ്ങൾ അപ്ഡേറ്റാകൂ എന്നത് പോരായ്മയാണ്.

യോഗം നാളെ

ചിന്നക്കനാൽ ∙ വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയ ശേഷം കോടതിയിൽ നിന്ന് അനുകൂല വിധി വരുമെന്നും അതിനുശേഷം ഓപ്പറേഷൻ അരിക്കൊമ്പൻ നടത്താൻ കഴിയും എന്നുമാണ് വനം വകുപ്പിന്റെ പ്രതീക്ഷ. നാളെ പ്രത്യേക യോഗം കൂടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com