പൊന്മുടി തൂക്കുപാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു; പാലത്തിന് ബലക്ഷയം സംഭവിച്ചതായി റിപ്പോർട്ട്
Mail This Article
രാജാക്കാട്∙ പൊന്മുടി തൂക്കുപാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടറുടെ ഉത്തരവിറങ്ങി. പൊതുമരാമത്ത്(പാലങ്ങൾ), പഞ്ചായത്ത്, പൊലീസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ പാലത്തിന് ബലക്ഷയം സംഭവിച്ചതായി വ്യക്തമായതോടെയാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്.
60 വർഷത്തിലേറെ പഴക്കമുള്ള പാലത്തിൽ ഭാരവാഹനങ്ങളുടെ യാത്ര നേരത്തെ നിരോധിച്ചതാണ്. ഇൗ സാഹചര്യത്തിൽ സന്ദർശകരുടെ വാഹനങ്ങൾ പാലത്തിൽ നിർത്തിയിടുന്നതായും ഒരേ സമയം ഒന്നിലേറെ വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകുന്നതായും പൊതുമരാമത്ത് (പാലങ്ങൾ) ഉപ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
ഇതനുസരിച്ച് ഉടുമ്പൻചോല തഹസിൽദാർ, പൊതുമരാമത്ത് (പാലങ്ങൾ) എക്സിക്യൂട്ടീവ് എൻജിനീയർ, ഉടുമ്പൻചോല, രാജാക്കാട് പഞ്ചായത്ത് സെക്രട്ടറിമാർ, രാജാക്കാട് സിഐ എന്നിവരടങ്ങുന്ന സംയുക്ത സമിതി പരിശോധന നടത്തി കഴിഞ്ഞ 23ന് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പാലത്തിന്റെ ഷീറ്റുകൾ പഴകിയതും കേബിളുകൾ കോൺക്രീറ്റ് ബ്ലോക്കിൽ ബന്ധിപ്പിച്ചിട്ടുള്ളതുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംയുക്ത സമിതിയുടെ പരിശോധന സമയത്ത് പോലും അൻപതിലധികം ആളുകൾ പാലത്തിൽ കയറുന്നതും വാഹനങ്ങൾ പാലത്തിൽ നിർത്തിയിടുന്നതും ശ്രദ്ധയിൽപെട്ടിരുന്നു.