ചെറുതോണി∙ ഇടുക്കി താലൂക്ക് ഓഫിസിൽ ഇന്നലെ നടന്ന വികസന സമിതി യോഗത്തിൽ പരാതിപ്രളയം. താലൂക്ക് സഭയിൽ മുൻപെടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്തതിനെതിരെ അംഗങ്ങൾ ശക്തമായ പ്രതിഷേധമാണുയർത്തിയത്. കഴിഞ്ഞ ഒരു വർഷമായി താലൂക്കിൽ സ്ഥിരമായി തഹസിൽദാർ ഇല്ലാത്തതിനെ ചൊല്ലിയും പ്രതിഷേധം ഉയർന്നു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷയായിരുന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെയാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത്.
മഴക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ജില്ലാ ആസ്ഥാനത്തെയും സമീപ പഞ്ചായത്തുകളിലെയും ഓടകൾ ശുചീകരിച്ചിട്ടില്ലെന്നും വഴിയോരങ്ങളിൽ കാഴ്ചയ്ക്ക് തടസ്സമായി നിൽക്കുന്ന കാടുകളും പടലുകളും വെട്ടിത്തെളിച്ചില്ലെന്നും അധ്യക്ഷയായ മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ മരിയാപുരം പഞ്ചായത്തിലെ ഓടകൾ വൃത്തിയാക്കണമെന്നും വഴിയോരത്തെ കാടുകൾ വെട്ടി തെളിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതേ പരാതി ആവർത്തിച്ച കാമാക്ഷി പഞ്ചായത്ത് സെക്രട്ടറി കാടു വെട്ടി തെളിക്കാത്തതിനാൽ ഇവിടെ മാലിന്യം തള്ളുന്നതായി പരാതിപ്പെട്ടു.
വാഴത്തോപ്പ് കെഎസ്ഇബി കോളനിയിൽ തർക്കത്തിൽ കിടക്കുന്ന 50 ഏക്കർ സ്ഥലത്ത് കാടു വളർന്നതിനാൽ ഇവിടെ കാട്ടുപന്നികൾ താവളമാക്കിയെന്നും യാത്രക്കാരെയും കുട്ടികളെയും ആക്രമിക്കുകയും സമീപത്തുള്ള കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നതായും പരാതി ഉയർന്നു. മെഡിക്കൽ കോളജിലേക്കുള്ള റോഡ് അടിയന്തരമായി നന്നാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
ചെറുതോണിയിൽ പുതിയ പാലം പണി പൂർത്തിയായതോടെ വഞ്ചിക്കവല മുതൽ ആലിൻചുവട് വരെയും സെൻട്രൽ ജംക്‌ഷൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയും റോഡു കയ്യേറി നിർമിച്ചിരിക്കുന്ന പെട്ടിക്കടകൾ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പിന് താലൂക്ക് സഭ നിർദേശം നൽകി. മരിയാപുരം പഞ്ചായത്തിലെ അപകടാവസ്ഥയിലായ വിശ്രമ കേന്ദ്രം പൊളിച്ചു മാറ്റുന്നതിനും യോഗം തീരുമാനിച്ചു.