കാലവർഷം അരികെ; പ്രളയക്കെണിയൊരുക്കി ഡാമുകളിലെ മണലും ചെളിയും

ജലസമൃദ്ധമായ ഇടുക്കി ആർച്ച് ഡാം.   ചിത്രം: മനോരമ
ഇടുക്കി ആർച്ച് ഡാം
SHARE

രാജകുമാരി∙ കാലവർഷത്തിന് മുൻപ് ഡാമുകളിലെ മണൽ നീക്കാനുള്ള നടപടി ജില്ലയിൽ ഇത്തവണയും എങ്ങുമെത്തിയില്ല. നെടുങ്കണ്ടം കല്ലാർ ഡാമിലെ മണലും ചെളിയും‍ മാത്രമാണ് ഇതുവരെ നീക്കിയത്. മാസങ്ങൾക്ക് മുൻപ് ചെങ്കുളം ഡാമിലെ സ്ലൂയിസ് വാൽവുകളുടെ അറ്റകുറ്റ പണിക്കായി വെള്ളം പുറത്തേക്ക് ഒഴുക്കിയതിനാൽ ഡാമിൽ അടിഞ്ഞ ചെളി കുറച്ചെങ്കിലും പുറത്ത് പോയി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലും തുടർന്നുള്ള 2 ബജറ്റുകളിലും നികുതിയേതര വരുമാനം ലക്ഷ്യമിട്ട് ഡാമുകളിലെ മണൽ നീക്കാൻ നിർദേശമുണ്ടായിരുന്നു.മണലും ചെളിയും നിറഞ്ഞ് ചെറിയ ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞതായി വിദഗ്ധർ പറയുന്നു. ലക്ഷക്കണക്കിന് രൂപ മൂല്യം വരുന്ന മണലാണ് ജില്ലയിലെ ഡാമുകളിൽ ഉള്ളത്.

2018 ലെ പ്രളയത്തെത്തുടർന്ന് ഡാമുകളെല്ലാം വളരെ പെട്ടെന്ന് തുറക്കേണ്ടി വന്നത് സംഭരണ ശേഷി കുറഞ്ഞതു കൊണ്ടാണ്. ഇതു മുന്നിൽ കണ്ട് ഡാമുകളിൽ അടിഞ്ഞ മണൽ നീക്കി സംഭരണ ശേഷി വർധിപ്പിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടികളുണ്ടായില്ല. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസാണ് ഡാമുകളിലെ മണലിന്റെ അളവ് തിട്ടപ്പെടുത്തേണ്ടത്. ലോവർപെരിയാർ, പൊന്മുടി, കല്ലാർകുട്ടി, ചെങ്കുളം, കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ നേരത്തെ ബാത്തിമെട്രിക് സർവേ നടത്തിയതാണ്. ഇടുക്കി റിസർവോയറിൽ സെൻട്രൽ വാട്ടർ കമ്മിഷൻ ഒരു മാസമെടുത്ത് ബാത്തിമെട്രിക് സർവേ നടത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല.

പ്രളയക്കെണിയൊരുക്കി ഡാമുകളിലെ മണലും ചെളിയും

2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ജില്ലയിലെ ഭൂരിഭാഗം ഡാമുകളിലും ജലാശയങ്ങളിലും വൻതോതിൽ മണ്ണും മണലും ഒഴുകിയെത്തിയതായാണ് വിദഗ്ധർ പറയുന്നത്. ഇത് ജലാശയങ്ങളുടെ ആഴവും സംഭരണ ശേഷിയും കുറയാൻ കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ കല്ലാർകുട്ടി ഉൾപ്പെടെയുള്ള ചെറിയ അണക്കെട്ടുകൾ ചെറിയ മഴ പെയ്താൽ പോലും തുറന്നു വിടേണ്ട സ്ഥിതിയാണ്.

ഡാമുകളിലെയും ജലാശയങ്ങളിലെയും മണൽ നീക്കം യാഥാർഥ്യമാകുന്നതോടെ ഇൗ പ്രശ്നങ്ങൾ താൽക്കാലികമായി അവസാനിക്കും. അതോടൊപ്പം നിർമാണ മേഖലയിൽ നിലവിലുള്ള മണൽ ക്ഷാമവും ഭാഗികമായി പരിഹരിക്കപ്പെടും. എന്നാൽ ജില്ലയിലെ ഡാമുകളിൽ നിന്ന് അത്യാവശ്യമായി മണൽ മാറ്റേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വാദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA