കാത്ത് ലാബ് അടിമാലി താലൂക്ക് ആശുപത്രിക്കു തന്നെ: എ.രാജ എംഎൽഎ
Mail This Article
അടിമാലി∙ അടിമാലി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച കാത്ത് ലാബ് അവിടെത്തന്നെ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എ.രാജ എംഎൽഎ. ജില്ലയ്ക്ക് ഒരു കാത്ത് ലാബ് എന്ന സർക്കാർ ഉത്തരവ് അടുത്ത നാളിൽ പുറത്തിറങ്ങിയെങ്കിലും അതിനു മുൻപാണ് അടിമാലിയിൽ ലാബ് അനുവദിച്ചത്. ഇക്കാരണത്താൽ ലാബ് താലൂക്ക് ആശുപത്രിയിൽ നിർമിച്ച കെട്ടിടത്തിൽ തുടങ്ങുന്നതിന് നടപടി സ്വീകരിക്കും.
ഇതോടൊപ്പം ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ശ്രമം തുടരും. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു എംഎൽഎ. സാമൂഹിക ആരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാലയളവിൽ അനുവദിച്ച കിടക്കകളുടെ എണ്ണവും സ്റ്റാഫ് പാറ്റേണും ആണ് ഒന്നര പതിറ്റാണ്ടു മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയ അടിമാലിയിലുള്ളത്. ഇതിന് പരിഹാരം കാണാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അത്യാഹിത ബ്ലോക്കിന് ഫയർ ആൻഡ് സേഫ്റ്റി അനുമതിക്കു വേണ്ടിയുള്ള നൽകിയ 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയുള്ള നിർമാണ ജോലികൾ അന്തിമഘട്ടത്തിലാണ്. ഇതു പൂർത്തിയാകുന്നതോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കെട്ടിടത്തിന്റെ 4, 5 നിലകളിൽ ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവയുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയും.
ലാബ്, എക്സ്റേ, ഇസിജി എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറായി ഉയർത്തും. ഐസിയു ആംബുലൻസിൽ നഴ്സിനെ നിയമിച്ച് രോഗികൾക്ക് പ്രയോജനപ്പെടുത്തും. അടിമാലി പഞ്ചായത്തിൽനിന്ന് അമ്മയും കുഞ്ഞും ആശുപത്രിക്കായി ഭൂമി വിട്ടുകിട്ടിയ മച്ചിപ്ലാവിൽ കെട്ടിട നിർമാണത്തിനും മറ്റും ഫണ്ട് അനുവദിക്കും. ആശുപത്രിയിൽ ഈവനിങ് ഒപി ആരംഭിക്കുന്നതും പരിഗണിക്കും.
ആശുപത്രിയിൽ അടിയന്തരമായി നടത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഇന്നലെ ഡിഎംഒയുടെ സാന്നിധ്യത്തിൽ എച്ച്എംസി യോഗം ചേർന്നതായും എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, സ്ഥിരസമിതി അധ്യക്ഷ സനില രാജേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.