ചെങ്കുളത്ത് വീണ്ടും വൈദ്യുതി ഉൽപാദനം
Mail This Article
അടിമാലി ∙ കാലപ്പഴക്കം ചെന്ന പെൻ സ്റ്റോക്ക് പൈപ്പുകൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിച്ച ശേഷം ചെങ്കുളം ജല വൈദ്യുത നിലയത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ചെങ്കുളം അണക്കെട്ടിലെ വെള്ളം മുഴുവൻ വറ്റിച്ചതിനു ശേഷം ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരം വരുന്ന കാലഹരണപ്പെട്ട പെൻസ്റ്റോക്ക് പൈപ്പുകൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുന്ന തിനുള്ള നടപടികൾ വൈദ്യുതി വകുപ്പ് ആരംഭിച്ചത്. 1954ലാണ് മുതിരപ്പുഴയാറിന്റെ തീരത്ത് (വെള്ളത്തൂവൽ) ചെങ്കുളം ജല വൈദ്യുത നിലയം സ്ഥാപിച്ച് വൈദ്യുത ഉൽപാദനം ആരംഭിച്ചത്.
പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് ശേഷം ഇവിടത്തെ പൈപ്പുകളും മാറ്റുന്നതിനുള്ള നടപടികൾ ഊർജിതമായിരുന്നു. 1954ന് ശേഷം പൈപ്പുകൾ പൂർണമായി മാറ്റുന്നത് ഇപ്പോഴാണ്. ചെങ്കുളത്തെ ജല സംഭരണിയിൽ നിന്നാണ് വൈദ്യുത ഉൽപാദനത്തിനുള്ള വെള്ളം ഇവിടേക്ക് എത്തിക്കുന്നത്. 12.7 മെഗാവാട്ടിന്റെ 4 ജനറേറ്ററാണ് നിലയത്തിൽ ഉള്ളത്. കാലപ്പഴക്കം ചെന്ന പെൻസ്റ്റോക്ക് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടി 6 മാസം മുൻപാണ് നിർമാണ ജോലികൾ ആരംഭിച്ചത്.
ചെങ്കുളം അണക്കെട്ടിലെ ഇൻടേക്ക്, ട്രാഷാക്, സ്ലൂയിസ് വാൽവ് ഉൾപ്പെടെ സാമഗ്രികളുടെ അറ്റകുറ്റ പണികളും നടന്നിട്ടുണ്ട്. അണക്കെട്ടിൽ നിന്ന് ടണൽ വഴി എത്തുന്ന വെള്ളം ലോ പ്രഷർ പൈപ്പിലൂടെ (എൽപിപി) സർജ് ടാങ്ക് വഴി വാൽവ് ഹൗസിൽ എത്തും. അവിടെ നിന്നാണ് പെൻസ്റ്റോക് വഴി വൈദ്യുത നിലയത്തിൽ എത്തുന്നത്. വ്യാഴാഴ്ച രാത്രി ട്രയൽ റൺ നടത്തിയിരുന്നു.