ഒരു വീടു കിട്ടാൻ ഇനിയെത്ര ദരിദ്രരാകണം? പടുത കൊണ്ട് മറച്ച ഷെഡിൽ പെൺകുട്ടിയും മാതാപിതാക്കളും
Mail This Article
ഉപ്പുതറ ∙ പുൽമേട്ടിലെ കാട്ടുകല്ലുകൾക്കിടയിൽ മരക്കാലുകൾ നാട്ടി അതിൽ പ്ലാസ്റ്റിക് ചാക്കുകളും പടുതയുമെല്ലാം മറച്ചുകെട്ടിയ ഷെഡ്. പടുതയും മറ്റും ഉപയോഗിച്ചു നിർമിച്ച മേൽക്കൂരയിൽ പുല്ലുകൾ കിളിർത്തു നിൽക്കുന്നു. മറച്ചുകെട്ടിയിരിക്കുന്ന ചാക്കുകൾ കാലപ്പഴക്കത്താൽ കീറിക്കിടക്കുന്നു. തൂണുകൾ ചിതലെടുത്തു നാശത്തിന്റെ വക്കിൽ. മഴ പെയ്താൽ ഷെഡ് നനഞ്ഞൊലിക്കും.
ഉപ്പുതറ പഞ്ചായത്തിലെ ആനപ്പള്ളം കാവേരിമെട്ട് പുത്തൻവീട്ടിൽ ചെല്ലപ്പൻ നല്ലതമ്പിയും ഭാര്യ ഗ്രേസിക്കുട്ടിയും വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബം താമസിക്കുന്ന ഷെഡിന്റെ ദയനീയ സ്ഥിതിയാണിത്. പട്ടയമില്ലാത്ത സ്ഥലത്താണ് യാതൊരു അടച്ചുറപ്പുമില്ലാത്ത ഷെഡിൽ ഇവർ വർഷങ്ങളായി കഴിയുന്നത്. പ്ലസ്ടു വിദ്യാർഥിനിയായ മകൾക്കൊപ്പം ഇഴജന്തുക്കളെ ഉൾപ്പെടെ ഭയന്നാണ് ഇവർ ഈ ഷെഡിൽ അന്തിയുറങ്ങുന്നത്. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടിട്ടും ഈ കുടുംബത്തെ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
ലൈഫ് ഭവന പദ്ധതിയിലൊന്നും ഇവർ ഇടംപിടിച്ചിട്ടില്ല. ഷെഡിന്റെ ചിത്രം സഹിതം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ കലക്ടർക്കും നിവേദനം നൽകിയിരുന്നു. കൂലിപ്പണിക്കാരനായ ചെല്ലപ്പന്റെ വരുമാനമാണ് ഇവരുടെ വിശപ്പകറ്റുന്നത്. ഇത്രയധികം ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിന് ലഭിച്ചിരിക്കുന്നത് എപിഎൽ റേഷൻ കാർഡാണ്.
അതേസമയം, ലൈഫ് ഭവന പദ്ധതിക്കായി അപേക്ഷിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ലെന്നും എപിഎൽ കാർഡ് ബിപിഎൽ ആക്കാൻ സാക്ഷ്യപത്രവുമായി സപ്ലൈ ഓഫിസിൽ അപേക്ഷ നൽകാൻ നിർദേശിച്ചെങ്കിലും അതിനും കഴിഞ്ഞിട്ടില്ലെന്നും പഞ്ചായത്തംഗം എം.എൻ.സന്തോഷ് പറഞ്ഞു. അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് ലഭ്യമാക്കാൻ നടപടികൈക്കൊള്ളുമെന്നും എം.എൻ.സന്തോഷ് പറഞ്ഞു.