ADVERTISEMENT

ചെറുതോണി ∙ സംസ്ഥാന സർക്കാരിന്റെ അഴിമതി, കെടുകാര്യസ്ഥത, ദുർഭരണം, ഇടുക്കിയിലെ ജനങ്ങളോടുള്ള അവഗണന എന്നിവയ്ക്കെതിരെ യുഡിഎഫ് നടത്തിയ ഇടുക്കി നിയോജക മണ്ഡലംതല വിചാരണ സദസ്സ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

10 മണ്ഡലം കമ്മിറ്റികളുടെ ബാനറുകൾക്ക് പിന്നിൽ ചിട്ടയോടെ അണിനിരന്ന പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളികളോടെയാണ് സമ്മേളന നഗരിയിലേക്ക് എത്തിയത്. തുടർന്ന് ആരംഭിച്ച വിചാരണ സദസ്സിൽ ഡീൻ കുര്യാക്കോസ് എംപി സംസ്ഥാന സർക്കാരിനെതിരെ കുറ്റപത്രം വായിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം.കെ.പുരുഷോത്തമൻ അധ്യക്ഷനായിരുന്നു.

 ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, നേതാക്കളായ ഇ.എം.ആഗസ്തി, ഫ്രാൻസിസ് ജോർജ്, പ്രഫ. എം.ജെ.ജേക്കബ്, ടി.എം.സലിം, റോയി കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, കെ.എം.എ.ഷുക്കൂർ, കെ.എസ്.സിറിയക്, തോമസ് രാജൻ, എം.എൻ.ഗോപി, ജോയി കൊച്ചുകരോട്ട്, എ.പി.ഉസ്മാൻ, എം.മോനിച്ചൻ, സാം ജേക്കബ്, നോബിൾ ജോസഫ്, മിനി സാബു, ഷൈനി സജി, പ്രഫ. ജോസുകുട്ടി ജെ.ഒഴുകയിൽ, സിബി ആനത്താനം, കെ.ജെ.മാത്യു എന്നിവർ പ്രസംഗിച്ചു.

2 കുറ്റപത്രങ്ങള്‍അവതരിപ്പിച്ച് ഡീൻ കുര്യാക്കോസ്

വിചാരണ സദസ്സിൽ രണ്ടു കുറ്റപത്രമാണ് ഡീൻ കുര്യാക്കോസ് എംപി അവതരിപ്പിച്ചത്. ഒന്നിൽ പിണറായി സർക്കാരിന്റെ അഴിമതി ഭരണവും കെടുകാര്യസ്ഥതയും മൂലം നാട് തകർന്നടിഞ്ഞെന്നു കാര്യകാരണ സഹിതം കുറ്റപ്പെടുത്തിയപ്പോൾ രണ്ടാമത്തേതിൽ സർക്കാരിന്റെ നയ വൈകല്യങ്ങൾ കൊണ്ട് ഇടുക്കി നേരിടുന്ന ദുരിതങ്ങളാണ് പറയുന്നത്.

∙ മാസപ്പടി വിവാദം, കെ ഫോൺ വിവാദം, എഐ ക്യാമറ അഴിമതി, കോവിഡ് കാലത്തെ കൊള്ള, സംസ്ഥാനത്തെ പൊതു വിതരണ സംവിധാനത്തിന്റെ തകർച്ച, കാലിയാകുന്ന ഖജനാവും ധൂർത്തും, കുത്തഴിഞ്ഞ ഉന്നത വിദ്യാഭ്യാസ മേഖല, നികുതി കൊള്ള, വൈദ്യുതി നിരക്ക് വർധന, വെള്ളം നിരക്ക്, ഇന്ധന നികുതി, സെസ് തുടങ്ങി സംസ്ഥാനത്തെ ഒട്ടാകെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ആദ്യത്തെ കുറ്റ പത്രത്തിൽ അക്കമിട്ടു നിരത്തിയത്.

∙1977 ജനുവരി ഒന്നിനു മുൻപ് കുടിയേറിയ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, റവന്യു ഭൂമി വനഭൂമിയായി മാറ്റാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കുക, ഭൂപതിവ് നിയമ ഭേദഗതി നിയമത്തിലെ പോരായ്മകൾ പരിഹരിക്കുക, 13 പഞ്ചായത്തുകൾക്കു മേലുള്ള അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കുക, വിവിധ കാരണങ്ങളുടെ പേരിൽ മലയോര കർഷകർക്ക് പട്ടയം നൽകാതിരിക്കുന്ന നയം അവസാനിപ്പിക്കുക, കർഷകരുടെ ബാങ്ക് വായ്പകളുടെ പലിശ എഴുതിത്തള്ളുക, ഇടുക്കിയിലെ ആതുര ചികിത്സാ മേഖലയിലെ ശോച്യാവസ്ഥ പരിഹരിക്കുക, ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിനു പ്രായോഗിക നടപടികൾ സ്വീകരിക്കുക എന്നിങ്ങനെ ഇടുക്കി നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരമാണ് രണ്ടാമത്തെ കുറ്റപത്രത്തിൽ ആവശ്യപ്പെടുന്നത്.

വിചാരണ സദസ്സ് ജനകീയ മുന്നേറ്റത്തിന്റെ തുടക്കം: അനൂപ് ജേക്കബ്

യുഡിഎഫ് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സമരം സംസ്ഥാനം ഭരിക്കുന്ന അഴിമതി സർക്കാരിനെ വലിച്ചു താഴെ ഇട്ടശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂവെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. കഴിഞ്ഞ ഏഴര വർഷം കൊണ്ട് സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്നു തെളിയിച്ചു. അഴിമതി സാർവത്രികമാക്കിയതു മാത്രമാണ് സർക്കാരിന്റെ ഏക നേട്ടം. റേഷൻ കട മുതൽ വില്ലേജ് ഓഫിസ് വരെ അഴിമതിയാണ്. ഇനി ഒരു തിരഞ്ഞെടുപ്പ് നടന്നാൽ സർക്കാരിനെതിരെ ആദ്യം വോട്ട് രേഖപ്പെടുത്തുന്നത് ഈ നാട്ടിലെ പാവപ്പെട്ട സഖാക്കളായിരിക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com