കെട്ടിടമില്ല, വാഹനവും നെടുങ്കണ്ടം അഗ്നിരക്ഷാസേനയ്ക്ക് വേണം അടിയന്തര സഹായം
Mail This Article
നെടുങ്കണ്ടം ∙ പ്രവർത്തനം ആരംഭിച്ച് 7 വർഷങ്ങൾക്കിപ്പുറവും അഗ്നിരക്ഷാസേനയ്ക്ക് സ്വന്തമായി കെട്ടിടമില്ല. അഗ്നിരക്ഷാ സേനാ വിഭാഗം ഇല്ലാതിരുന്ന ജില്ലയിലെ ഏക താലൂക്കായിരുന്നു ഉടുമ്പൻചോല. 2016 ജനുവരി 3ന് നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായ വലിയ തീപിടിത്തത്തിനു ശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിനൊടുവിലാണ് നെടുങ്കണ്ടത്ത് മിനി ഫയർ സ്റ്റേഷൻ അനുവദിച്ചത്. 2016 ഫെബ്രുവരി 29ന് ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ താൽക്കാലികമായി പഞ്ചായത്ത് അനുവദിച്ചു നൽകിയ കെട്ടിടത്തിലാണ് ഇപ്പോഴും സേനയുടെ പ്രവർത്തനം.
ടൗണിനു സമീപം 83 സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും സ്വന്തം കെട്ടിടം ഇതുവരെയും അനുവദിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ ജൻ വികാസ് പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷ നിരസിച്ചു. ഇതോടെ പുതിയ കെട്ടിടത്തിനായി എം.എം.മണി എംഎൽഎക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് നെടുങ്കണ്ടം അഗ്നിരക്ഷാ സേനാ യൂണിറ്റ്.
കരുണാപുരം, നെടുങ്കണ്ടം, ഉടുമ്പൻചോല, പാമ്പാടുംപാറ, ശാന്തൻപാറ, സേനാപതി, രാജകുമാരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന വിസ്തൃതമായ മേഖലയാണ് നെടുങ്കണ്ടം അഗ്നിരക്ഷാ സേനാ യൂണിറ്റിന്റെ പ്രവർത്തന പരിധി. എന്നാൽ ഈ പ്രദേശങ്ങളിൽ പെട്ടെന്ന് എത്താൻ മതിയായ വാഹനം ഇവിടെയില്ല. ആകെയുള്ള 2 വാഹനങ്ങളിൽ ഒന്ന് 15 വർഷത്തിലധികം പഴക്കമുള്ള കാലഹരണപ്പെട്ട വാഹനമാണ്. ഉടൻ തന്നെ ഈ വാഹനം ലേലം ചെയ്തു പൊളിക്കാൻ വിട്ടുനൽകും. അടിമാലിയിലെ അഗ്നിരക്ഷാസേനയിൽ നിന്നു താൽക്കാലികമായി എത്തിച്ച മറ്റൊരു ചെറിയ വാഹനമാണ് പിന്നെയുള്ളത്.
അടിയന്തര ഘട്ടങ്ങൾ നേരിടാൻ ആവശ്യത്തിനു സേനാംഗങ്ങളും നെടുങ്കണ്ടത്ത് ഇല്ല. ആകെ അനുവദിച്ചിരിക്കുന്ന 12 റെസ്ക്യൂ ഓഫിസർ തസ്തികകൾ ഇവിടത്തെ ആവശ്യങ്ങൾക്കു പര്യാപ്തമല്ല. കൂടുതൽ സേനാംഗങ്ങളെ നിയമിക്കണമെന്ന ആവശ്യവും ധനകാര്യ വകുപ്പിന്റെ കടലാസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെയുള്ള ഉദ്യോഗസ്ഥരാകട്ടെ റെസ്റ്റ് റൂമിലെ പരിമിത സൗകര്യങ്ങളിലാണ് കഴിയുന്നത്. സേനയ്ക്ക് സ്വന്തമായുള്ള സ്ഥലത്ത് കെട്ടിടവും ഉദ്യോഗസ്ഥർക്കായുള്ള ക്വാർട്ടേഴ്സും നിർമിച്ചാൽ മാത്രമേ നെടുങ്കണ്ടം അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം സുഗമമാകൂ.