രണ്ടാം ടേം കഴിയുന്നു; പാഠപുസ്തകം ലഭിക്കാതെ വിദ്യാർഥികൾ
Mail This Article
തൊടുപുഴ ∙ ക്രിസ്മസ് പരീക്ഷ അടുത്തിട്ടും ജില്ലയിലെ സ്കൂളുകളിൽ രണ്ടാം ടേമിലെ പാഠപുസ്തകങ്ങൾ കിട്ടിയില്ല. ഒൻപതാം ക്ലാസിലെ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ്, ഇംഗ്ലിഷ് പുസ്തകങ്ങളുടെ രണ്ടാം പാർട്ടാണ് ഇതുവരെ കിട്ടാത്തത്. കൂടാതെ 10ാം ക്ലാസിലെ ബയോളജി പുസ്തകവും 8ാം ക്ലാസിലെ ബേസിക് സയൻസ് രണ്ടാം പാർട്ട് പുസ്തകവും ഇതുവരെ ലഭിച്ചിട്ടില്ല. അർധ വാർഷിക പരീക്ഷ l3ന് ആരംഭിക്കും. ജില്ലയിൽ ഒരു സ്കൂളുകളിലും ഈ പാഠപുസ്തകങ്ങൾ കിട്ടിയിട്ടില്ല. പുസ്തകങ്ങൾക്കു നൽകേണ്ട തുക വിദ്യാർഥികളിൽ നിന്നു ശേഖരിച്ചു സ്കൂളുകളിൽ സൂക്ഷിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കിട്ടാത്തതിനാൽ ഇവ വിദ്യാഭ്യാസ വകുപ്പിൽ അടയ്ക്കാനും കഴിയുന്നില്ല. ഓൺലൈനിൽ പിഡിഎഫ് ആയി കിട്ടുന്ന പുസ്തകം ഡൗൺലോഡ് ചെയ്താണ് അധ്യാപകർ ക്ലാസ് എടുക്കുന്നത്.
വിദ്യാർഥികളിൽ നിന്ന് പിരിച്ച തുക ഉപയോഗിച്ച് പുസ്തകം ഡൗൺലോഡ് ചെയ്തു നൽകിയാൽ പിന്നീട് വിദ്യാഭ്യാസ വകുപ്പ് പുസ്തകങ്ങൾ നൽകുകയും പണം ആവശ്യപ്പെടുകയും ചെയ്യുമോ എന്ന ആശങ്ക ഉള്ളതിനാൽ അധ്യാപകർ ഇതിനും തയാറാകുന്നില്ല. ഇതിനിടെ പുസ്തകത്തിന്റെ പിഡിഎഫ് കോപ്പി ഫോട്ടോസ്റ്റാറ്റ് എടുത്തും ചില വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇതിനു തന്നെ നല്ല തുക ആകും. ചില അധ്യാപകർ കംപ്യൂട്ടർ സ്ക്രീനിൽ പുസ്തകം കാണിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അടുത്ത വർഷം മാറുന്ന പുസ്തകങ്ങൾ ആയതിനാൽ അച്ചടി കുറച്ചിരിക്കുന്നതാണെന്ന് അധ്യാപകർ ആരോപിച്ചു. പുസ്തകങ്ങൾക്ക് ദൗർലഭ്യം ഉണ്ടെന്നും തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് ഓഫിസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.