നാടകത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടി;‘നേട്ട’വും സ്വന്തമാക്കി, അൽന!
Mail This Article
അൽന ബിജു ബുധനാഴ്ച ഉച്ചയ്ക്ക് കരഞ്ഞു, ഇന്നലെ പുഞ്ചിരിച്ചു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവ നാടകത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടിയെന്ന ‘നേട്ട’വും സ്വന്തമാക്കി. കൂടാതെ എച്ച്എസ് വിഭാഗത്തിലെ ഇംഗ്ലിഷ് പദ്യപാരായണത്തിലും അൽനയ്ക്കാണ് ഒന്നാം സ്ഥാനം. നാടകത്തിൽ ഒന്നാം സ്ഥാനം പോരാടി നേടിയ മൂലമറ്റം എസ്എച്ച്ഇഎംഎച്ച്എസ്എസിലെ വിദ്യാർഥികളുടെ കഥ.
രംഗം 1: ജീവിതം
എച്ച്എസ്എസ് നാടക മത്സരത്തിൽ കഴിഞ്ഞദിവസം വേദിക്ക് പുറത്തും അകത്തും വലിയ ഡ്രാമയായിരുന്നു. നാടകം അവതരിപ്പിച്ചാലും എല്ലാവർക്കും സർട്ടിഫിക്കറ്റ് കിട്ടില്ലെന്ന ആശങ്കയായിരുന്നു അൽന ബിജുവിനും സംഘത്തിനും.സ്കൂൾ, സബ്ജില്ലാ തലങ്ങളിൽ രണ്ടു പേരെ ക്യാപ്റ്റൻമാരായി ചേർത്തതാണ് പ്രശ്നമായത്. തുടർന്ന് വേദിയിലേക്ക് പോകുന്നതിന് മുൻപ് വിദ്യാഭ്യാസ ഉപഡയറക്ടർ വിഷയത്തിന് പരിഹാരം കണ്ടു.
രംഗം 2: നാടകം
രാത്രിയായിരുന്നു എച്ച്എസ്എസ് വിഭാഗത്തിന്റെ നാടകം. ‘ഒരു ജിബ്രീഷ് കിനാവ്’ എന്നായിരുന്നു പേര്. കുള്ളൻ കുമാരൻ എന്ന കഥാപാത്രത്തിനെ അൽന ബിജു അവതരിപ്പിച്ചു. അഭിനേതാക്കളെല്ലാം പെൺകുട്ടികളായിരുന്നു. ഇംഗ്ലിഷും മലയാളവും ചേർത്ത് കുട്ടികൾ തന്നെ രൂപപ്പെടുത്തിയ ഭാഷ ജിബ്രീഷാണ് നാടകത്തിലെ താരം. പറക്കുംതളിക സിനിമയിൽ നിത്യദാസ് അവതരിപ്പിച്ച ബാസന്തി എന്ന കഥാപാത്രം പലഭാഷയിലെയും വാക്കുകൾ തലതിരിച്ചു പറഞ്ഞു സംസാരിച്ചതിൽനിന്ന് ആശയം ഉൾക്കൊണ്ടാണ് ഇംഗ്ലിഷ് ഭാഷ തലതിരിച്ച് സംസാരിച്ച് ജിബ്രീഷ് ഭാഷ രൂപപ്പെടുത്തിയത്. എന്തായാലും മത്സരത്തിന്റെ ഫലം വന്നപ്പോൾ ഒന്നാം സ്ഥാനം. അതോടെ സന്തോഷക്കണ്ണീരായി. കോഴിക്കോട് സ്വദേശിയായ ലുക്മാൻ മോറയൂരാണ് നാടകം സംവിധാനം ചെയ്തത്.
നാടകത്തിൽ പങ്കെടുത്തവർ
അൽന ബിജു, നേഹ എൽസ മാത്യൂസ്, ആഷ്ന ജോഷി, ലിറ്റി റോസ് ബിജു, നന്ദന ബിജു, ഗ്രീഷ്മ രാജു, ഡോണ മരിയ ജോൺസൺ, എബിൻ കെ.മാത്യു, ക്രിസ് ലിയോ, ജീവൻ ജിമ്മി.