മലങ്കര ടൂറിസം ഹബ് എൻട്രൻസ് പ്ലാസ: മിന്നൽ പരിശോധന നടത്തി വിജിലൻസ്
Mail This Article
മുട്ടം ∙ മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. പ്ലാസ നിർമാണത്തിലെ അഴിമതി സംബന്ധിച്ച് പൊതുപ്രവർത്തകനായ മുട്ടം സ്വദേശി ബേബി ജോസഫ് വണ്ടനാനിക്കൽ നൽകിയ പരാതിയിലാണ് അന്വേഷണം. വിജിലൻസിലെ 15 അംഗ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണത്തിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തി. 2018ലാണ് എൻട്രൻസ് പ്ലാസയുടെ നിർമാണം നടത്തിയത്. നിർമാണത്തിലെ അപാകത മൂലം ഇതുവരെ തുറന്നു നൽകാനായിട്ടില്ല. 2.5 കോടിയോളം രൂപയാണ് നിർമാണ ചെലവ്.
അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ
∙ വൈദ്യുതീകരണ ജോലികൾ ചെയ്തിരുന്നത് ആവശ്യമായ സുരക്ഷ ഇല്ലാതെ.
∙ 2018ൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയ എൻട്രൻസ് പ്ലാസയുടെ എർത്തിങ് ജോലികളടക്കം അടുത്തയിടെ വിജിലൻസ് അന്വേഷണം ആരംഭിച്ചശേഷം മാത്രം പൂർത്തിയാക്കി.
∙ ഈർപ്പം മൂലം ഭിത്തിയിൽ നിന്നു വൈദ്യുതാഘാതം ഏൽക്കുന്ന അവസ്ഥ.
∙ കെട്ടിടത്തിനുള്ളിലെ വൈദ്യുതി വിളക്കുകൾ, ഫാനുകൾ തുടങ്ങിയവയിലേക്കുള്ള വൈദ്യുതി ബന്ധം കൃത്യമായിട്ടല്ല സ്ഥാപിച്ചിരുന്നത്.
∙ റൂഫിങ്ങിൽ ഉപയോഗിച്ചിരിക്കുന്ന ഷിംഗിൾസ് പൊളിഞ്ഞ് പൊങ്ങിയ നിലയിൽ.