അങ്കണവാടി വർക്കർമാരുടെ നിയമനം: ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യം
Mail This Article
കട്ടപ്പന∙ വാത്തിക്കുടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ നിയമനത്തിൽ നടന്ന ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥിയായ റെജീന രാജു രംഗത്ത്. വാത്തിക്കുടി പഞ്ചായത്തിലെ അംഗനവാടികളിൽ 3 ടീച്ചർമാരുടെ സ്ഥിരം തസ്തികയും 2 താൽക്കാലിക തസ്തികയും 10 ഹെൽപർമാരുടെ തസ്തികയുമാണ് ഉണ്ടായിരുന്നത്. ഇതിലേക്കുള്ള അഭിമുഖത്തിന് 82 പേർ അപേക്ഷിക്കുകയും 72 പേർ എത്തി ജൂൺ 23നും 28നും അഭിമുഖം നടക്കുകയും ചെയ്തു. അഭിമുഖത്തിൽ ഒന്നാം റാങ്ക് തനിക്ക് ലഭിച്ചതായി ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ വാക്കാൽ അറിയിക്കുകയും ചെയ്തിരുന്നെന്ന് റെജീന പറയുന്നു. മാർക്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയപ്പോൾ റെജീന ആറാമതാകുകയും റൊട്ടേഷൻ ക്വോട്ടയിൽ ഏഴാം സ്ഥാനത്തേക്ക് മാറുകയും ചെയ്തു.
നവംബർ 30ന് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഡിസംബർ ഒന്നിന് മുഴുവൻ നിയമനവും നടത്തി. താൽക്കാലിക ജീവനക്കാരുടെ നാലാം ഒഴിവിലേക്ക് പതിമൂന്നാം റാങ്കുകാരിയെയും അഞ്ചാം ഒഴിവിലേക്ക് നാലാം റാങ്കുകാരിയേയുമാണ് നിയമിച്ചത്. ഇന്റർവ്യൂ ബോർഡ് നൽകിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പിനായി സെപ്റ്റംബർ 30ന് വാത്തിക്കുടി പഞ്ചായത്തിൽ വിവരാവകാശം നൽകിയെങ്കിലും ഒക്‌ടോബർ 12ന് അയച്ച മറുപടി 20ന് ആണ് ലഭിച്ചത്. 18ന് ആണ് മറുപടി പോസ്റ്റ് ചെയ്തിരിക്കുന്നത്. സിലക്‌ഷൻ ലിസ്റ്റിന്റെ അംഗീകാരത്തിനായി ജില്ലാ ഓഫിസിൽ ഫയൽ സമർപ്പിച്ചതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു മറുപടി.
ഒക്‌ടോബർ 21ന് ജില്ലാ ഓഫിസിൽ വിവരാവകാശ അപേക്ഷ നൽകി. 31ന് ലഭിച്ച മറുപടിയിൽ ഈ ഓഫിസിൽ ബന്ധപ്പെട്ട ഫയലുകൾ ഇല്ലെന്നും തടിയമ്പാട് കാര്യാലയത്തിൽ അന്വേഷിക്കാനുമാണ് വ്യക്തമാക്കിയിരുന്നത്. ഇടുക്കി തടിയമ്പാട് വനിതാ ശിശുവികസന കാര്യാലയം അഭിമുഖത്തിൽ തിരിമറി നടത്തി ഇഷ്ടക്കാരെ നിയമിക്കുകയാണ് ചെയ്തത്. തടിയമ്പാട് ഓഫിസിലെ സിഡിപിഒ സൂപ്പർവൈസർ, ജൂനിയർ സൂപ്രണ്ട് എന്നിവർ ചേർന്നാണ് നിയമന തട്ടിപ്പ് നടത്തിയതെന്നും റെജീന ആരോപിക്കുന്നു. അനർഹരെ നിയമിച്ചവർക്കെതിരെ അന്വേഷണം നടത്തണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് റെജീന ഗവർണർ, കലക്ടർ എന്നിവർ അടക്കമുള്ളവർക്ക് പരാതി നൽകി