കുരുമുളക് തോട്ടത്തിലെ ചെടി വെട്ടി നശിപ്പിച്ചതിൽ നടപടിയില്ല; മാതൃകാ കർഷകന്റെ കണ്ണീര് കാണാതെ പൊലീസ്
Mail This Article
തോപ്രാംകുടി ∙ വാത്തിക്കുടി പഞ്ചായത്തിലെ മാതൃകാ കർഷകന്റെ കുരുമുളക് തോട്ടത്തിലെ മികച്ച ചെടികൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞ ജനുവരി ഒന്നിനാണ് അമല ജംക്‌ഷനു സമീപം ആനത്താനത്ത് സിബി ജോസഫിന്റെ തോട്ടത്തിലെ 35 കുരുമുളകു ചെടികൾ സാമൂഹിക വിരുദ്ധർ ചുവടെ വെട്ടിയത്. തുടർന്ന് സിബി മുരിക്കാശേരി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടെ പ്രതികളെന്നു സംശയിക്കുന്നവരുടെ വ്യക്തമായ സൂചന നൽകിയിട്ടും ‘ഇപ്പം ശരിയാക്കി തരാം’ എന്നു പറയുന്നതല്ലാതെ ലോക്കൽ പൊലീസ് ഇവരെ ചോദ്യം ചെയ്യാൻ പോലും തയാറായില്ലെന്നു പരാതിയുണ്ട്. ഇതോടെ സിബി കഴിഞ്ഞ മാസം 10 ന് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. സിബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണത്തിനു പൊലീസ് മേധാവി നിർദേശം നൽകിയിരുന്നെങ്കിലും ലോക്കൽ പൊലീസ് പിന്നീടും പ്രതികളെ കണ്ടെത്തുന്നതിനു താൽപര്യം പ്രകടിപ്പിച്ചില്ല. ഇതിനിടയിൽ കേസ് അന്വേഷിച്ചിരുന്ന എസ്എച്ച്ഒയും എസ്ഐയും കഴിഞ്ഞ ദിവസം സ്ഥലം മാറി പോയി. ഇതോടെ അന്വേഷണം പൂർണമായും നിലച്ച മട്ടാണ്.
നിരന്തരമായ കഠിന പ്രയത്നത്തിലൂടെ വളർത്തിയെടുത്ത കുരുമുളകു ചെടികൾ യാതൊരു മനഃസാക്ഷിയുമില്ലാതെ വെട്ടിനശിപ്പിച്ചവരെ കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും പിടികൂടാത്തതിൽ കർഷകൻ നിരാശനാണ്. കുറ്റവാളികളെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണമെന്നും തനിയ്ക്കുണ്ടായ കഷ്ടനഷ്ടത്തിനു ആനുപാതികമായ പരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് കർഷകൻ. സിബിയുടെ 3 ഏക്കർ 40 സെന്റ് സ്ഥലത്തെ കുരുമുളകു തോട്ടം വാത്തിക്കുടി കൃഷിഭവന്റെ മാതൃകാ തോട്ടമായിരുന്നു. അത്യുൽപാദന ശേഷിയുള്ള കരിമുണ്ടയും പന്നിയൂർ വണ്ണുമായിരുന്നു തോട്ടത്തിൽ നട്ടു പരിപാലിച്ചിരുന്നത്. ഇതിൽ നിന്നും ഏറ്റവും മികച്ച വിളവു നൽകിയിരുന്ന ചെടികൾ തിരഞ്ഞു പിടിച്ചാണ് അക്രമികൾ വെട്ടി നശിപ്പിച്ചത്. എട്ടു വർഷത്തിലേറെ പ്രായമുള്ള ചെടികളിൽ നിന്നും ശരാശരി 20 കിലോയിലേറെ ഉണക്കമുളകു ലഭിച്ചിരുന്നതായി സിബി പറയുന്നു. കുരുമുളക് ദീർഘകാല വിളയായതിനാൽ വിലമതിക്കാനാവാത്ത നഷ്ടമാണ് കർഷകന് ഉണ്ടായത്.