ADVERTISEMENT

പകൽ കൊടുംചൂട്, ഒപ്പം വൈദ്യുതിമുടക്കം കൂടി ആയാലോ? ജില്ലയുടെ പലഭാഗങ്ങളിലും ഇതാണ് അവസ്ഥ. അപ്രഖ്യാപിത വൈദ്യുതിമുടക്കം ജനങ്ങളെ വലയ്ക്കുകയാണ്. വൈദ്യുതി മുടങ്ങിയാൽ അതു പുനഃസ്ഥാപിക്കുന്നതു വരെ വിയർത്തു കഴിയേണ്ട അവസ്ഥ. ഓഫിസുകളിലും മറ്റും ഫാനോ എസിയോ ഇല്ലാതെ ജോലിചെയ്യാൻ കഴിയാത്ത വിധം ചൂടു കൂടുമ്പോഴാണ് കൂനിൻമേൽ കുരുവായി വൈദ്യുതി മുടങ്ങുന്നത്. കെഎസ്ഇബി ഓഫിസിൽ വിളിച്ചാൽ വ്യക്തമായ മറുപടി കിട്ടാറില്ലെന്നും  പരാതിയുണ്ട്.

തൊടുപുഴയിൽ എന്നും വൈദ്യുതിമുടക്കം
തൊടുപുഴ∙ നഗരത്തിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാണ്. പകൽ സമയങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതു വ്യാപാര സ്ഥാപനങ്ങളുടെയും സർക്കാർ – സ്വകാര്യ ഓഫിസുകളുടെയും വൈദ്യുതിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. കൊടും ചൂടിൽ ഫാൻ പോലും ഇല്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നതു ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ബുധനാഴ്ച നഗരത്തിൽ രണ്ടു തവണയായി വൈകിട്ട് 2 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. 11 കെവി ലൈനിലെ ബ്രിജിങ് തകരാറിനെ തുടർന്നാണ് ആദ്യം വൈദ്യുതി മുടങ്ങിയതെങ്കിൽ സബ് സ്റ്റേഷനിലെ തകരാർ മൂലമാണ് രണ്ടാമത് വൈദ്യുതി വിതരണം നിലച്ചതെന്നാണ് അധികൃതരു‌ടെ വിശദീകരണം. അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനു പുറമേ ടച്ച് വെട്ടിന്റെയും അറ്റകുറ്റപ്പണികളുടെയും പേരിലും പല ദിവസങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടാറുണ്ട്. സമീപ പഞ്ചായത്തുകളിലും വൈദ്യുതി മുടക്കം നിത്യസംഭവമാണ്. 

കട്ടപ്പനയിൽ ഒളിച്ചുകളിച്ച് വൈദ്യുതി
കട്ടപ്പനയിലെയും സമീപ പഞ്ചായത്തുകളിലെയും പല മേഖലകളിലും വൈദ്യുതി മുടക്കം പതിവാണ്. ഗ്രാമീണ മേഖലകളിൽ വൈദ്യുതി മുടങ്ങിയാൽ മണിക്കൂറുകൾ കഴിഞ്ഞാകും പുനഃസ്ഥാപിക്കുക. കട്ടപ്പന ടൗണിൽ ഉൾപ്പെടെ ഇടയ്ക്കിടെ ഏതാനും സമയം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ട്. വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇതു തിരിച്ചടിയാകുന്നു. പല ഗ്രാമീണ മേഖലകളിലും റോഡുകൾക്കു സമീപത്തു കൂടിയല്ല വൈദ്യുത ലൈൻ കടന്നുപോകുന്നത്. കൃഷിയിടങ്ങളിലൂടെയും തോട്ടങ്ങളിലൂടെയുമാണ് ലൈൻ വലിച്ചിരിക്കുന്നത്. അതിനാൽ വൈകുന്നേരങ്ങളിലും മറ്റും വൈദ്യുതി മുടങ്ങിയാൽ തകരാർ കണ്ടെത്തി പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണ്. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ രാത്രി വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ വലയ്ക്കുകയാണ്.

ദേവികുളം ഇരുട്ടിൽ 
താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് വൈദ്യുതിതടസ്സം പതിവാണ്. വിവിധ സർക്കാർ ഓഫിസുകളും ആയിരത്തിലധികം കുടുംബങ്ങളുമാണ് ദേവികുളം മേഖലയിലുള്ളത്. മൂന്നാറിൽ നിന്നു നെറ്റിക്കുടിയിലെത്തി അവിടെ നിന്നു വനമേഖല വഴിയാണ് വൈദ്യുത ലൈനുകൾ ദേവികുളത്ത് എത്തുന്നത്. അറ്റകുറ്റപ്പണികൾ, മരങ്ങളും ശിഖരങ്ങളും വീഴുന്നത് തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് മേഖലയിൽ വൈദ്യുതി തടസ്സം പതിവാകുന്നത്. 10 ദിവസം മുൻപ് മൂന്നു ദിവസം തുടർച്ചയായി മേഖലയിൽ വൈദ്യുതിയില്ലായിരുന്നു. ഇത് ദേവികുളത്തെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പരീക്ഷക്കാലമായതോടെ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം  പഠനത്തെയും ബാധിക്കുന്നുണ്ട്.

വൈദ്യുതി മുടങ്ങിയത് 2 മണിക്കൂർ
നെടുങ്കണ്ടം താന്നിമൂട്, അമ്മഞ്ചേരിപ്പടി ഭാഗങ്ങളിൽ വൈദ്യുതിമുടക്കം പതിവാണ്. മിക്ക ദിവസങ്ങളിലും ഇടവിട്ട് വൈദ്യുതി മുടങ്ങാറുണ്ട്. കഴിഞ്ഞ ദിവസം 2 മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു. ഏലത്തിന്  ജലസേചനം നൽകുന്ന കർഷകരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. തൂക്കുപാലം, നെടുങ്കണ്ടം സബ് സ്റ്റേഷനുകളുടെ അതിർത്തി മേഖലയായ ഇവിടെ സാങ്കേതിക കാരണങ്ങൾ മൂലമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്.

ചിന്നക്കനാലിൽ പരിഹാരം പുതിയ സെക്‌ഷൻ ഓഫിസ് 
വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ മേഖലയിൽ വൈദ്യുത തടസ്സം രൂക്ഷമാണ്. 20 കിലോമീറ്റർ അകലെയുള്ള കെഎസ്ഇബി രാജകുമാരി സെക്‌ഷന്റെ കീഴിലാണ് ചിന്നക്കനാൽ മേഖല ഉൾപ്പെടുന്നത്. വൈദ്യുതലൈൻ കടന്നു പോകുന്നത് ഏലത്തോട്ടങ്ങളിലൂടെയും വനമേഖലയിലൂടെയും ആയതിനാൽ മരം വീണ് വൈദ്യുതി മുടങ്ങുന്നത് പതിവാണ്. എന്നാൽ സെക്‌ഷൻ ഓഫിസ് അകലെയായതിനാൽ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ജീവനക്കാർക്കു സാധിക്കുന്നില്ല. ചിന്നക്കനാലിൽ പുതിയ സെക്‌ഷൻ ഓഫിസ് അനുവദിക്കുകയാണ് ഇൗ പ്രശ്നത്തിന് ഏക പരിഹാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com