കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സമൂഹമായി മാറ്റുകയാണ് ലക്ഷ്യം: മന്ത്രി
Mail This Article
ചെറുതോണി∙ കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സമൂഹമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ ഇടുക്കി താലൂക്ക് തല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച അപേക്ഷകൾ ഉൾപ്പെടെ 50,000 കുടുംബങ്ങൾക്ക് അതിവേഗത്തിൽ റേഷൻ കാർഡുകൾ ലഭ്യമാക്കി. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച മുൻഗണനാ കാർഡിനുള്ള അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിൽനിന്നു ലഭിച്ച അപേക്ഷകളും പരിശോധിച്ച ശേഷം, ആദ്യഘട്ടമെന്ന നിലയിൽ 302 പേർക്ക് മുൻഗണനാ കാർഡ് അനുവദിച്ചു. നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം ഇടുക്കി താലൂക്കിൽ 229 എഎവൈ കാർഡും1328 പിഎച്ച്എച്ച് കാർഡും വിതരണം ചെയ്തു.
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായ എല്ലാവർക്കും പുതിയ മുൻഗണനാ റേഷൻ കാർഡ് അക്ഷയ കേന്ദ്രത്തിൽനിന്നോ സിറ്റിസൻ ലോഗിൻ വഴിയോ ഡൗൺലോഡ് ചെയ്യാം. തെളിമ പദ്ധതിയുമായി ബന്ധപ്പെട്ട് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനു ലഭിച്ച 66 അപേക്ഷകളിൽ 56 എണ്ണവും തീർപ്പാക്കി.
കമ്പിളിക്കണ്ടം മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മൽക്ക, സ്ഥിരസമിതി അധ്യക്ഷ സുമംഗല വിജയൻ, ജില്ലാ സപ്ലൈ ഓഫിസർ കെ.പി.സജിമോൻ, താലൂക്ക് സപ്ലൈ ഓഫിസർ ഷിജു കെ.തങ്കച്ചൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.