ADVERTISEMENT

തൊടുപുഴ∙ ഇതര ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് പുതിയ ദീർഘദൂര സർവീസുകൾ തുടങ്ങുമ്പോൾ തൊടുപുഴ ഡിപ്പോയിൽനിന്ന് മുൻപുണ്ടായിരുന്ന ഓർഡിനറി സർവീസുകൾ പോലും പുനരാരംഭിക്കാനുള്ള ബസുകൾ അധികൃതർ അനുവദിക്കുന്നില്ലെന്ന് പരാതി. പുതിയ ഡിപ്പോ മന്ദിരം ഉദ്ഘാടനം ചെയ്ത അവസരത്തിൽ അന്നത്തെ വകുപ്പ് മന്ത്രി നേരത്തേ ഇവിടെനിന്നുണ്ടായിരുന്ന മുഴുവൻ ഓർഡിനറി സർവീസുകളും പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വർഷം ആകാറായിട്ടും ഡിപ്പോയിലേക്ക് ഒരു ബസ് പോലും അനുവദിച്ചിട്ടില്ലെന്നാണ് പരാതി. ഏറ്റവും ഒടുവിൽ ഈ വർഷം ആദ്യം ശബരിമല സീസൺ കഴിയുമ്പോൾ ഏതാനും ഓർഡിനറി ബസുകൾ ഡിപ്പോയിലേക്ക് അനുവദിക്കാമെന്ന് ഉറപ്പു നൽകിയിരുന്നതായി പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് എംഎൽഎ ഉൾപ്പെടെയുള്ളവർ കത്തും നൽകിയിരുന്നു. എന്നാൽ ശബരിമല സീസൺ കഴിഞ്ഞിട്ട് ഒരു മാസമാകാറായിട്ടും ഒരു ബസ് പോലും തൊടുപുഴ ഡിപ്പോയിൽ ലഭിച്ചിട്ടില്ല. 

തൊടുപുഴയോട് അവഗണന 
അതേ സമയം ഇടുക്കി ജില്ലയിലെ കട്ടപ്പന, നെടുങ്കണ്ടം, കുമളി, മൂന്നാർ തുടങ്ങിയ ഡിപ്പോകളിൽ നിന്ന് ഒട്ടേറെ ദീർഘദൂര ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾ ആരംഭിച്ചെങ്കിലും തൊടുപുഴ ഡിപ്പോയോട് കടുത്ത അവഗണനയാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. 

തൊടുപുഴ ഡിപ്പോയിൽ നിന്ന് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക്  ദീർഘദൂര സർവീസുകൾ ലാഭകരമായി സർവീസ് നടത്താൻ സാധിക്കുമെങ്കിലും കെഎസ്ആർടിസി അധികൃതരുടെ അവഗണന മൂലം  ഇതൊന്നും നടത്താൻ സാധിക്കുന്നില്ല. ഗ്രാമീണ മേഖലകളിൽ ആവശ്യത്തിനു ബസുകൾ ഇല്ലാതെ യാത്രക്കാരും വിദ്യാർഥികളും ഏറെ വലയുന്നു.  ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലപാടിലാണ് അധികാരികൾ.

‘ലാഭം’ വേണ്ടാത്ത കെഎസ്ആർടിസി
നേരത്തേ തൊടുപുഴ ഡിപ്പോയിൽ നിന്ന് ലാഭകരമായി സർവീസ് നടത്തിയിരുന്ന കട്ടപ്പന, ആനക്കയം–തൊടുപുഴ–പുറപ്പുഴ വഴി ആലപ്പുഴ, ആനക്കയം ഷട്ടിൽ, മുള്ളരിങ്ങാട് വെള്ളക്കയം സർവീസ്, ആലുവ എരുമേലി, മണക്കാട് വഴി ചോറ്റാനിക്കര  തുടങ്ങിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നതാണ്. ഇത് സംബന്ധിച്ച് നവകേരള സദസ്സിലും പരാതികൾ ലഭിച്ചിരുന്നു. എന്നാൽ ഇവിടെ ആവശ്യത്തിനു ബസ് അനുവദിക്കാൻ അധികാരികൾ തയാറായിട്ടില്ല. അതേ സമയം അഞ്ച്  സർവീസുകൾ ആരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാർ തൊടുപുഴ ഡിപ്പോയിൽ അധികമായുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com