തൊട്ടിയാർ ചെറുകിട ജല വൈദ്യുത പദ്ധതി; ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാത്തതിനെതിരെ പ്രതിഷേധം
Mail This Article
അടിമാലി ∙ തൊട്ടിയാർ ചെറുകിട ജല വൈദ്യുത പദ്ധതി കമ്മീഷനിങ് അടുത്തിട്ടും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാത്തതിനെതിരെ പ്രതിഷേധം. കുന്നാരത്ത് അബ്രഹാം, സഹോദരി എൽസി ഏലിയാസ് എന്നിവരുടെ ഭൂമിയാണ് ഇനിയും ഏറ്റെടുക്കാനുള്ളത്. ഒരു മാസത്തോളമായി അണക്കെട്ടിൽ വൈദ്യുത ബോർഡ് അധികൃതർ വെള്ളം നിറച്ചതോടെ കൃഷി ദേഹണ്ഡങ്ങൾ നാശത്തിലാണെന്നു കാണിച്ച് ഇരുവരും ജില്ല കലക്ടർക്ക് പരാതി നൽകി. ജില്ലാ ഭരണകൂടം പരാതി ദേവികുളം താലൂക്ക് ഓഫിസിന് കൈമാറിയെങ്കിലും അനന്തര നടപടികൾ നീളുകയാണ്. അബ്രഹാമിന്റെ 44 സെന്റും, എൽസിയുടെ 20 സെന്റ് ഭൂമിയുമാണ് വൈദ്യുത ബോർഡിന്റെ വൃഷ്ടി പ്രദേശത്ത് വരുന്നത്. ജാതി, കൊക്കോ, തെങ്ങ് ഉൾപ്പെടെയുള്ള ദേഹണ്ഡങ്ങളാണ് നശിക്കുന്നത്. 2009 ലാണ് ദേവിയാർ പുഴയിലെ തൊട്ടിയാറിൽ അണക്കെട്ടും കരിമണൽ ഭാഗത്ത് വൈദ്യുത നിലയവും സ്ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ ആരംഭിച്ചത്.
144 കോടി മുടക്കിയുള്ള പദ്ധതിയുടെ നിർമാണം 42 മാസത്തിനുള്ളിൽ പൂർത്തിയാക്കുംവിധമാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ നിർമാണം തുടങ്ങി ഒന്നര പതിറ്റാണ്ടിനോടടുക്കുമ്പോഴാണ് പദ്ധതിയുടെ കമ്മിഷനിങ്ങിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വൈദ്യുത മന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടി വൈകുകയാണ്. തുടർന്നാണ് ജില്ല കലക്ടർക്ക് പരാതി നൽകിയത്. ഇതോടെ ഭൂമിയുടെ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തുകയായിരുന്നു. നടപടികൾ വൈകുന്നതിനിടെയാണ് അണക്കെട്ടിൽ വെള്ളം നിറച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് നടപടി വൈകിയാൽ പ്രോജക്ട് ഓഫിസിനു മുൻപിൽ സത്യഗ്രഹം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്താനൊരുങ്ങുകയാണ് കുടുംബാംഗങ്ങൾ.