ADVERTISEMENT

ജില്ലയിലെ മിക്ക സർക്കാർ ഓഫിസുകളും പൊതുഇടങ്ങളും ഇപ്പോഴും ഭിന്നശേഷി  സൗഹൃദമല്ല. അതിന്റെ ദുരിതം  അനുഭവിക്കുകയാണ് വിവിധ തരത്തിലുള്ള ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ. പൊതു ഇടങ്ങൾ ഭിന്നശേഷി  സൗഹൃദമാക്കണമെന്ന പല ഉത്തരവുകളും  നിലനിൽക്കുമ്പോഴാണ് ഈ കഷ്ടപ്പാട്  തുടരുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സർക്കാർ ഓഫിസുകൾ  എത്രത്തോളം  ഭിന്നശേഷി സൗഹൃദം എന്നതിനെക്കുറിച്ച്  ഒരു അന്വേഷണം...

ജില്ലയിലെ പ്രധാന നഗരമായ തൊടുപുഴയിലെ പൊതുഇടങ്ങളും ഒട്ടുമിക്ക സർക്കാർ ഓഫിസുകളും ഭിന്നശേഷി സൗഹൃദമല്ല. ഭിന്നശേഷിക്കാർക്ക് ഓഫിസുകളിലേക്ക് വീൽചെയറിൽ എത്താൻ കഴിയുന്ന റാംപുകൾ ഭൂരിഭാഗം കെട്ടിടങ്ങൾക്കുമില്ല. തൊടുപുഴ നഗരസഭാ ഓഫിസിലേക്ക് എത്തണമെങ്കിൽ പടികൾ കയറണം. കെട്ടിടത്തിൽ ലിഫ്റ്റുമില്ല.

മൂലമറ്റം ടൗണിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അറക്കുളം 
സബ് റജിസ്ട്രാർ ഓഫിസ് .
മൂലമറ്റം ടൗണിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അറക്കുളം സബ് റജിസ്ട്രാർ ഓഫിസ് .

പരസഹായമില്ലാതെ ഭിന്നശേഷിക്കാർക്ക് ഓഫിസിലെത്തി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ്. ഭിന്നശേഷിക്കാരായ ലോട്ടറി വിൽപനക്കാർ ഉൾപ്പെടെ എത്തുന്ന ജില്ലാ ഭാഗ്യക്കുറി ഓഫിസ് പ്രവർത്തിക്കുന്നത് മുകളിലത്തെ നിലയിലാണ്.

പാലാ റോഡിൽ ധന്വന്തരിപ്പടിക്കു സമീപമുള്ള ഓഫിസിലേക്കു കയറാൻ പടികൾ മാത്രമാണ് ഉള്ളത്. അതേസമയം, ഭാഗ്യക്കുറി ഓഫിസിലേക്കു കയറി വരാൻ ബുദ്ധിമുട്ടുള്ളവർക്കു ജീവനക്കാർ താഴെയെത്തി സേവനം ലഭ്യമാക്കാറുണ്ടെന്നു അധികൃതർ പറയുന്നു.  ഏറെ തിരക്കുള്ള നഗരത്തിൽ ഭിന്നശേഷിക്കാർക്കായി സുരക്ഷിതമായ നടപ്പാതകളുമില്ല. ഒട്ടുമിക്ക സർക്കാർ ഓഫിസ് കെട്ടിടങ്ങളിലെ ശുചിമുറികളും ഭിന്നശേഷി സൗഹൃദമല്ല. 

∙ കട്ടപ്പനയിൽ  പ്രഹസനമായി  ഭിന്നശേഷി സൗഹൃദം
കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും ഭൂരിഭാഗം പൊതുഇടങ്ങളും സർക്കാർ ഓഫിസുകളും ഭിന്നശേഷി സൗഹൃദമല്ല. ചിലയിടങ്ങളിൽ ഭിന്നശേഷി സൗഹൃദം എന്നത് പ്രഹസന നടപടികളിൽ ഒതുങ്ങി. കട്ടപ്പന മിനി സിവിൽ സ്‌റ്റേഷനിലെ സബ് റജിസ്ട്രാർ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന രണ്ടാം നിലയിലേക്ക് ഭിന്നശേഷിക്കാർക്ക് എത്താൻ മാർഗമില്ല.

 ദേവികുളം പഞ്ചായത്തിലെ മൃഗാശുപത്രി.
ദേവികുളം പഞ്ചായത്തിലെ മൃഗാശുപത്രി.

സിവിൽ സ്‌റ്റേഷന്റെ മുൻവശത്ത് വീൽചെയർ കയറ്റാനായി റാംപ് നിർമിച്ചിട്ടുണ്ടെങ്കിലും താഴത്തെ നിലയിൽ നിന്ന് മുകൾ ഭാഗത്തേക്ക് നടകൾ മാത്രമാണുള്ളത്. അതിനാൽ റജിസ്ട്രാർ ഓഫിസ്, വിദ്യാഭ്യാസ ഓഫിസ്, എക്‌സൈസ് ഓഫിസ് തുടങ്ങിയവ പ്രവർത്തിക്കുന്ന മുകൾ നിലയിലേക്ക് ഭിന്നശേഷിക്കാർക്ക് കയറാനാവില്ല.  റാംപ് നിർമിച്ചിരിക്കുന്ന ഭാഗത്ത് ഗ്രിൽ അടച്ചിട്ടിരിക്കുകയാണ്.

ജില്ലാ പിഎസ്‌സി ഓഫിസ്, ലോട്ടറി ഓഫിസ്, മൈനർ ഇറിഗേഷൻ ഓഫിസ് എന്നിവയെല്ലാം പ്രവർത്തിക്കുന്ന ഭവനനിർമാണ ബോർഡ് വ്യാപാര സമുച്ചയത്തിൽ റാംപും ലിഫ്റ്റുമെല്ലാമുണ്ട്. എന്നാൽ, പല സമയങ്ങളിലും ലിഫ്റ്റ് പ്രവർത്തിക്കാത്തത് ഭിന്നശേഷിക്കാരെ വലയ്ക്കുന്നു. ലോട്ടറി ഓഫിസിലേക്കാണ് കൂടുതൽ ഭിന്നശേഷിക്കാർ എത്തുന്നത്.

കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്കു ഭിന്നശേഷിക്കാർക്ക് 
പ്രവേശിക്കാൻ നിർമിച്ചിരിക്കുന്ന റാംപിന്റെ ഭാഗത്തെ ഗ്രിൽ അടച്ച 
നിലയിൽ.
കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്കു ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ നിർമിച്ചിരിക്കുന്ന റാംപിന്റെ ഭാഗത്തെ ഗ്രിൽ അടച്ച നിലയിൽ.

∙ റാംപ് ഇല്ലാതെ  കോടികൾ മുടക്കി ബഹുനില കെട്ടിടം
അടിമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം കെട്ടിടത്തിന് റാംപ് സൗകര്യം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്ന സാഹചര്യം നിലനിൽക്കെ ഇതിനോടു ചേർന്ന് കോടികൾ മുടക്കി നിർമിക്കുന്ന 2 ബഹുനില കെട്ടിടങ്ങൾക്കും റാംപ് സൗകര്യം അന്യം. കിഫ്ബിയിൽ നിന്ന് 10 കോടിയോളം മുടക്കി നിർമിക്കുന്ന ബഹുനില കെട്ടിടവും, 4 കോടിയോളം മുടക്കിയുള്ള കാത്ത് ലാബ് ആൻഡ് സിസിയു യൂണിറ്റുമാണ് റാംപ് സൗകര്യം ഏർപ്പെടുത്താതെ നിർമാണം നടന്നുവരുന്നത്. അത്യാഹിത വിഭാഗം കെട്ടിടത്തിൽ റാംപ് സൗകര്യം ഏർപ്പെടുത്തുന്നതിനു പകരം 2 ലിഫ്റ്റുകളാണുള്ളത്. 

ഇവ രണ്ടും ഇടയ്ക്കിടെ പണിമുടക്കുന്നതോടെ രോഗികളെ ചുമന്നാണ് കെട്ടിടത്തിന്റെ മുകൾ നിലകളിലെ വാർഡുകളിൽ എത്തിക്കുന്നത്. ഇതിനു പിന്നാലെയാണ് കാത്ത് ലാബ് ആൻഡ് സിസി യൂണിറ്റിനായി ബഹുനില കെട്ടിടം നിർമാണം ആരംഭിച്ചത്. എന്നാൽ റാംപ് സൗകര്യം ഉൾപ്പെടുത്താതെയാണ് പണികൾ പുരോഗമിക്കുന്നത്. 3 നിലകളിൽ നിർമിച്ചിട്ടുള്ള അടിമാലി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലും റാംപ് സൗകര്യം അന്യമാണ്. 2, 3 നിലകളിലായി വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടങ്ങളിൽ എത്തണമെങ്കിൽ പടികൾ മാത്രമാണ് ആശ്രയം. 

∙ പീരുമേട്ടിൽ പേരിനുപോലുമില്ല  ഭിന്നശേഷി സൗഹൃദ ഇടങ്ങൾ
താലൂക്ക് ഓഫിസ് ഉൾപ്പെടെ 14 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന പീരുമേട് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ താലൂക്കിലെ ഒരു ഓഫിസും ഭിന്നശേഷി സൗഹൃദമല്ല. മൂന്ന് നിലകളിലായുള്ള സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസ് ഒഴികെ മറ്റു ഓഫിസുകളിൽ എത്തുന്നതിനു പടിക്കെട്ടുകൾ കയറണം. സബ് റജിസ്ട്രാർ ഓഫിസ്, ജോയിന്റ് ആർടിഒ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലാൻഡ് അസൈൻമെന്റ്, വ്യവസായ വകുപ്പ് ഓഫിസ് തുടങ്ങി ഭിന്നശേഷിക്കാർ ആശ്രയിക്കുന്ന ഓഫിസുകളിൽ എത്തണമെങ്കിൽ ഒന്നിലധികം പേരുടെ സഹായം വേണം.

∙  സൗകര്യമില്ലാതെ  മാട്ടുപ്പെട്ടി മൃഗാശുപത്രി
മാട്ടുപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ദേവികുളം പഞ്ചായത്ത് വക മൃഗാശുപത്രിയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. കുത്തനെയുള്ള പടികൾ കയറി വേണം ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾക്കും ഓഫിസിലെത്താൻ. ഇവിടെ വർഷങ്ങളായി ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരിയായ ജീവനക്കാരി മറ്റുള്ളവരുടെ സഹായത്തോടെയാണ് ഓഫിസിൽ കയറുന്നത്. 

∙നെടുങ്കണ്ടത്തും സ്ഥിതി വിഭിന്നമല്ല
ഒട്ടേറെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനും ഭിന്നശേഷി സൗഹൃദമല്ല. മുകൾ നിലകളിൽ പ്രവർത്തിക്കുന്ന പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്ത് ഓഫിസുകളിലേക്കും പടികൾ കയറി മാത്രമേ എത്താൻ കഴിയൂ. ഭിന്നശേഷി സൗഹൃദമായ ശുചിമുറികളും പൊതുസ്ഥലങ്ങളിൽ ഇല്ല. പുതുതായി പണിത സ്മാർട്ട്‌ വില്ലേജ് ഓഫിസുകളിൽ മാത്രമാണ് റാംപുകൾ എങ്കിലുമുള്ളത്.

∙ഭിന്നശേഷിക്കാരെ വലച്ച് അറക്കുളം സബ് റജിസ്ട്രാർ  ഓഫിസ്
സബ് റജിസ്ട്രാർ ഓഫിസ് താഴത്തെ നിലയിൽ പ്രവർത്തിക്കണമെന്ന് നിയമം നിലനിൽക്കെയാണ് വർഷങ്ങളായി അറക്കുളം സബ് റജിസ്ട്രാർ ഓഫിസ് ഒന്നാം നിലയിൽ പ്രവർത്തിച്ചുവരുന്നത്. ഇവിടെയെത്തുന്ന അംഗപരിമിതരെ ഒന്നാം നിലയിൽ ചുമന്നു കയറ്റേണ്ട അവസ്ഥയാണുള്ളത്. 

റജിസ്ട്രേഷനും മറ്റിടപാടുകൾക്കും എത്തുന്നവർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റജിസ്ട്രാർ ഓഫിസിനു പുറത്തു റജിസ്റ്ററുമായി വരാൻ നിയമം അനുവദിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രോഗികൾക്കും മറ്റും മുകൾ നിലകളിലെത്തി ആധാരം റജിസ്റ്റർ ചെയ്യുന്നതിനു സാധിക്കില്ല. 

ഈ ഓഫിസിലെത്തുന്ന രോഗികളായ ഇടപാടുകാരെ ചുമന്നു കയറ്റുകയാണ് പതിവ്. ഇതിനു ബുദ്ധിമുട്ടുള്ളവർ വാസസ്ഥല ആധാരം ചെയ്യണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാസസ്ഥല ആധാരത്തിന് ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് എത്തണമെങ്കിൽ കൂടുതൽ തുക ഫീസ് ഇനത്തിൽ നൽകേണ്ടിവരും. കൂടാതെ ഉദ്യോഗസ്ഥരെ വാഹനത്തിൽ വീട്ടിൽ എത്തിക്കുകയും വേണം.

∙  കലക്ടറേറ്റിൽ ആശ്വാസമായി  റാംപും ലിഫ്റ്റും 
ജില്ലയുടെ ഭരണസിരാകേന്ദ്രമായ കലക്ടറേറ്റ് ഭിന്നശേഷി സൗഹൃദമാണ്. മൂന്നു നിലകളുള്ള കലക്ടറേറ്റിന്റെ താഴത്തെ നിലയിൽ ആർഡിഒ ഓഫിസിന്റെ ഭാഗത്താണ് റാംപ്. റാംപിലൂടെ പ്രധാന കവാടത്തിൽ എത്തിയാൽ ഭിന്നശേഷിക്കാർക്ക് ലിഫ്റ്റിൽ മുകൾ നിലകളിലേക്കു പോകാം. ഇതിനായി രണ്ട് വീൽചെയറുമുണ്ട്. എന്നാൽ ജില്ലാ ജില്ലാ ആസ്ഥാനത്തുള്ള പല സർക്കാർ ഓഫിസുകളിലും ഈ സൗകര്യം നിലവിലില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com