ADVERTISEMENT

കുമളി ∙ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമം– പടവ് 2024ന്റെ ഭാഗമായുള്ള ഡെയറി എക്‌സ്‌പോ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പിലെയും ക്ഷീര സംഘത്തിലെയും ജീവനക്കാരുടെ കലാസന്ധ്യ എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.  ക്ഷീരസംഗമത്തിൽ ഇന്ന് 10ന് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ ആപ്‌കോസ്-നോൺ ആപ്‌കോസ് വിഭാഗങ്ങളിലെ മികച്ച ക്ഷീര സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് മന്ത്രി റോഷി അഗസ്റ്റിനും മാധ്യമ അവാർഡ് ഡീൻ കുര്യാക്കോസ് എംപിയും വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന്  ക്ഷീര കർഷക സെമിനാറിൽ ‘മൃഗപരിപാലനത്തിലെ പരമ്പരാഗത ചികിത്സാ രീതികൾ’ എന്ന വിഷയത്തിൽ ഡോ.സുരേഷ് എൻ.നായർ ക്ലാസെടുക്കും. ഉച്ചകഴിഞ്ഞ് 2ന് മികച്ച നേട്ടങ്ങൾ കൈവരിച്ച കർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കും. 3ന് കർഷകർ അവരുടെ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്ന ‘നാട്ടിലെ ശാസ്ത്രം’.

അലമാദി ബീജസങ്കലന കേന്ദ്രം
രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ അലമാദി ബീജ സ്റ്റേഷന്റെ സ്റ്റാളും അണക്കരയിലെ സംസ്ഥാന ക്ഷീര കർഷക സംഗമത്തിലുണ്ട്. ദേശീയ ക്ഷീര വികസന ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ നാല് ബീജ സ്റ്റേഷനുകളിൽ ഒന്നാണ് അലമാദി.

ചെന്നൈയിലെ റെഡ് ഹിൽസിൽ 2015ൽ കമ്മിഷൻ ചെയ്ത അലമാദി സെന്ററിലെ ശീതീകരിച്ച ബീജം സുപ്പീരിയർ ആനിമൽ ജനറ്റിക്സെന്ന പേരിലാണ് വിപണനം ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന  ബീജം അലമാദി സ്റ്റേഷനിലേതാണ്. മാട്ടുപ്പെട്ടി ഫാം ഉള്ളതിനാ‍ൽ അലമാദിക്ക് കേരളത്തിൽ വിതരണമില്ല.

ക്ഷീരമേഖലയിൽ ആധുനിക രീതിയിലുള്ള  'ഹൈ-ടെക്' തീറ്റകൾ ലഭ്യമാണ്. സംസ്ഥാന  ക്ഷീരകർഷകസംഗമം പടവ് 2024ന്റെ ഭാഗമായുള്ള ഡെയറി എക്‌സ്പോയിൽ ഇവ പരിചയപ്പെടാം.  കർഷകരുടെ അധ്വാനവും ഉൽപാദനചെലവും  കുറയ്ക്കാനും ഇവ സഹായിക്കും. 

 െഡയറി എക്പോയിലെ സ്റ്റാൾ .
െഡയറി എക്പോയിലെ സ്റ്റാൾ .

പാൽ കൂട്ടാൻ  പലതുണ്ട് ഭക്ഷണം
കന്നുകാലികൾക്കായി നൽകുന്ന നൂതന ഭക്ഷണമാണ് ടോട്ടൽ മിക്സ്‌ റേഷൻ (ടിഎംആർ) എന്നറിയപ്പെടുന്ന ടോട്ടൽ മിക്സ് റേഷൻ. കന്നുകാലികൾക്ക് വേണ്ട എല്ലാ ചേരുവകളും ടിഎംആറിൽ അടങ്ങിയിട്ടുണ്ട്. ആന്ധ്രപ്രദേശ് ആസ്ഥാനമായ കമ്പനിയുടെ പേറ്റന്റ് ഉൽപന്നമാണ് ടിഎംആർ. സൈലേജാണ് ടിഎംആറിലെ പ്രധാന ഘടകം. കൂടാതെ നാലിനം വൈക്കോലും ധാതുക്കളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു ലീറ്റർ പാലിന് 1.2 കിലോഗ്രാം എന്ന രീതിയിൽ ടിഎംആർ നൽകാം. വില 15 രൂപ. ഇവയുടെ പ്രദർശനവും എക്സ്പോയിലുണ്ട്. 

∙ പച്ചപ്പുല്ലിനെ ശാസ്ത്രീയമായി സംസ്കരിച്ച് നിർമിക്കുന്ന തീറ്റയായ സൈലേജിനും ആവശ്യക്കാർ കൂടുകയാണ്. ഒരു വർഷത്തോളം ഉപയോഗിക്കാൻ പറ്റുമെന്നതാണ് ഇതിന്റെ ഗുണമേന്മ. ശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന സൈലേജിന് കിലോഗ്രാമിന് ആറ് രൂപ മുതലാണ് നിരക്ക്. 30 കിലോഗ്രാം പച്ചപ്പുല്ലിന് പകരമായി 15-20 കിലോഗ്രാം സൈലേജ് നൽകിയാൽ മതിയാകും.

സൈലേജിൽ  ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന നാരുകളും പ്രോട്ടീനുകളും കൂടുതൽ പാൽ ഉൽപാദത്തിന് സഹായകമാണ്. കർ‌ഷകർക്കുള്ള വിവിധതരം സൈലേജുകൾ ഡെയറി എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഉപയോഗവും എക്സ്പോയിൽ കർഷകർക്കായി വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com