കാട്ടാനയുടെ പേരിൽ ആനയിറങ്കലിലെ ബോട്ടിങ് നിരോധിച്ചിട്ട് ആറു മാസം; ടൂറിസത്തിന് കോടികളുടെ നഷ്ടം

Mail This Article
രാജകുമാരി ∙ മനുഷ്യരും കാട്ടാനകളുമായുള്ള സംഘർഷമാെഴിവാക്കാനെന്ന പേരിൽ ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചിട്ട് ആറു മാസം. ഹൈഡൽ ടൂറിസം വിഭാഗം നടത്തിയിരുന്ന ബോട്ടിങ് പുനരാരംഭിക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ജൂലൈ 14 നാണ് അരിക്കാെമ്പൻ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്. ബോട്ടിങ് കാട്ടാനകൾക്ക് ശല്യമാകുന്നു എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. എന്നാൽ അതിനുശേഷം ജലാശയത്തിന്റെ ചുറ്റുവട്ടത്ത് 2 പേരാണ് കാട്ടാനയാക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ ജനുവരി 8 ന് പന്നിയാർ സ്വദേശിനി പരിമള(44), ജനുവരി 26 ന് ബിഎൽ റാം സ്വദേശി സൗന്ദർരാജൻ(68) എന്നിവരാണ് കാട്ടാനയാക്രമണത്തിൽ കാെല്ലപ്പെട്ടത്. ഏക്കർ കണക്കിന് കൃഷി ഭൂമിയും കാട്ടാനകൾ നശിപ്പിച്ചു. ബോട്ടിങ് നിരോധിച്ചതിന് ശേഷം കാട്ടാന ശല്യം കുറഞ്ഞില്ലെന്ന് മാത്രമല്ല ഇരട്ടിയായെന്ന് നാട്ടുകാർ പറയുന്നു.
ഒരു കോടിയിലധികം രൂപയുടെ നഷ്ടം
ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചതോടെ ഹൈഡൽ ടൂറിസം വിഭാഗത്തിന് പ്രതിദിനം ഒരു ലക്ഷം രൂപ നഷ്ടമുണ്ടെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെ കണക്കാക്കിയാൽ ഇതുവരെ ഒരു കോടിയോളം രൂപയുടെയെങ്കിലും നഷ്ടമാണ് ഹൈഡൽ ടൂറിസം വിഭാഗത്തിന് മാത്രമുണ്ടായത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ട അവസ്ഥയായി. സീസണിൽ ദിവസവും ആയിരവും ഓഫ് സീസണിൽ അഞ്ഞൂറും സഞ്ചാരികളെങ്കിലും ആനയിറങ്കലിൽ എത്തിയിരുന്നു. ബോട്ടിങ് നിരോധിച്ചതിന് ശേഷം ഇത് പകുതിയിലധികമായി കുറഞ്ഞു. ഇപ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സമയമാണ്. എന്നാൽ ബോട്ടിങ് സൗകര്യമില്ലാത്തതിനാൽ പലരും ആനയിറങ്കലിലേക്ക് വരുന്നില്ല. 2 സ്പീഡ് ബോട്ടുകൾ, ഒരു പാെന്റൂൺ ബോട്ട്, 4 പെഡൽ ബോട്ടുകൾ, 7 കുട്ട വഞ്ചികൾ, 10 കയാക്കിങ് വഞ്ചികൾ എന്നിവയാണ് ആനയിറങ്കൽ ജലാശയത്തിൽ സർവീസ് നടത്തിയിരുന്നത്.
ഇ ബോട്ട് സർവീസ് ആരംഭിച്ചു കൂടേ?
ഡീസൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ബോട്ടുകൾ അന്തരീക്ഷ മലിനീകരണത്തിനും ശബ്ദ മലിനീകരണത്തിനും കാരണമാകുന്നുവെങ്കിൽ ആനയിറങ്കലിൽ ഇ ബോട്ട് സർവീസ് പരീക്ഷിച്ചു കൂടേ എന്നാണ് നാട്ടുകാരുടെ ചോദ്യം. മാട്ടുപ്പെട്ടിയിൽ ഇ ബോട്ട് സർവീസ് പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇ ബോട്ടുകളുടെ സാധ്യതകൾ ഹൈക്കോടതിയെക്കൂടി ബോധ്യപ്പെടുത്തി ആനയിറങ്കൽ ജലാശയത്തിലെ ബോട്ട് സർവീസ് പുനരാരംഭിക്കാൻ സർക്കാരിന്റെ ഇടപെടലുണ്ടാകണമെന്നാണ് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.
സർക്കാരിനും താൽപര്യമില്ല
ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് പുനരാരംഭിക്കുന്നതിൽ സർക്കാരിനും താൽപര്യമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആനയിറങ്കൽ ജലാശയത്തിലെ ബോട്ട് സർവീസല്ല കാട്ടാനയാക്രമണങ്ങൾക്ക് കാരണമെന്ന് തെളിയിക്കാൻ മാർഗങ്ങളേറെയുണ്ടെങ്കിലും ഹൈക്കോടതിയെ ഇത് ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകർക്ക് കഴിഞ്ഞില്ല.