ADVERTISEMENT

ഹരിഹരപുരം∙ ഇടവ-നടയറ കായൽ തീരത്തെ മനോഹര തീരമായ ഹരിഹരപുരം ടൂറിസം വികസനത്തിനായുള്ള കാത്തിരിപ്പു തുടരുന്നു. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ഹരിഹരപുരം മേഖല തിരുവനന്തപുരം ജില്ലയിലെ ഇലകമൺ പഞ്ചായത്തിലും കൊല്ലം ജില്ലയിലെ പൂതക്കുളം പഞ്ചായത്തിലും ഉൾപ്പെട്ട സ്ഥലങ്ങൾ ചേർന്നതാണ്. വിശാലമായ കായലോരങ്ങളും കുന്നിൻ മുകളിലെ വ്യൂ പോയിന്റുകളും ചേർന്ന മേഖലയിൽ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയാൽ ഒട്ടേറെ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനാകും.

വർക്കലയിലും പരവൂരിലും എത്തുന്ന വിനോദ സഞ്ചാരികളെ ഹരിഹരപുരത്തും എത്തിക്കുന്നത് മേഖലയുടെ വികസനത്തിനും വഴിയൊരുക്കും. പത്ത് വർഷങ്ങൾക്കു മുൻപ് ടൂറിസം മന്ത്രി നേരിട്ടു സ്ഥലം സന്ദർശിച്ചു ചർച്ചകൾ നടത്തി പദ്ധതികൾ വിഭാവനം ചെയ്തിരുന്നു. റിപ്പോർട്ടുകൾ സംസ്ഥാന സർക്കാരിനു കൈമാറിയെങ്കിലും ടൂറിസം വികസനം ഫയലിൽ ഒതുങ്ങി. ഇടവ-നടയറ കായലിന്റെ വിശാലമായ തീരപ്രരദേശവും ഹരിഹരപുരം പള്ളി സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിൽ നിന്നുള്ള കായലിന്റെ മനോഹര ദൃശ്യവും വിനോദ സഞ്ചാരികളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും അധികാരികൾ പ്രദേശത്തോട് അവഗണന തുടരുകയാണ്. ഇക്കോ ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ അനുയോജ്യമായ തീരമാണ് ഹരിഹരപുരം. ഇതിലൂടെ പ്രദേശവാസികളായ ഒട്ടേറെ ആളുകൾക്ക് തൊഴിൽ അവസരങ്ങൾക്കും സാധ്യതയുണ്ട്.

കാപ്പിൽ ബോട്ട് ക്ലബ് മുതൽ നെല്ലേറ്റിക്കടവ് വരെ ഉല്ലാസ് ബോട്ട് സർവീസ് ആരംഭിക്കുന്ന പദ്ധതി വിഭാവനം ചെയ്തുവെങ്കിലും നടപ്പിലായിട്ടില്ല. സ്വകാര്യ ടൂറിസം സംരംഭകർ പ്രദേശത്ത് മുതൽമുടക്കാൻ തയാറായിട്ടും സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തകയാണ്. കായലിനു മുകളിലൂടെയുള്ള റോപ് വേ, കായലോരത്തെ നടപ്പാത, പുതിയ ബോട്ട് ജെട്ടികൾ എന്നിവയെല്ലാം പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെ വിപുലപ്പെടുത്തുന്നതാണ്. 

കുടിവെള്ള ക്ഷാമം
വേനൽ കടത്തതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഹരിഹരപുരം-പള്ളിത്തൊടി കുടിവെള്ള പദ്ധതി പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാൻ സാധിക്കും. പള്ളിത്തൊടിയിലെ ശുദ്ധജല സ്രോതസ്സിൽ നിന്ന് ജലം പമ്പ് ചെയ്യുന്നതിലുള്ള വീഴ്ചയാണ് കുടിവെള്ള പ്രശ്നത്തിനു പ്രധാന കാരണം.  ജൽ ജീവൻ പദ്ധതിയിലൂടെ പൈപ്പ് കണക‍്ഷൻ വീടുകളിലേക്ക് നൽകിയിട്ടുണ്ടെങ്കിലും കൃത്യമായി പമ്പിങ് നടക്കാത്തതിനാൽ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com