അപകടക്കെണിയായി കാക്കാകട– ഗ്യാപ് റോഡ്; ഒന്നര വർഷത്തിനിടെ 26 അപകടം
Mail This Article
ബൈസൺവാലി∙ ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകട മുതൽ ഗ്യാപ് വരെയുള്ള 7 കിലോമീറ്റർ റോഡ് അപകടക്കെണിയായി മാറിയിട്ടും അധികൃതർ നടപടികളാെന്നും സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ക്രാഷ് ബാരിയറിയിൽ ഇടിച്ച് അപകടമുണ്ടായിരുന്നു. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 146.67 കോടി രൂപ ചെലവഴിച്ചാണ് ചെമ്മണ്ണാർ മുതൽ ഗ്യാപ് വരെയുള്ള 29.9 കിലോമീറ്റർ റോഡ് നിർമിച്ചത്. ഇതിൽ കാക്കാകട മുതൽ ഗ്യാപ് വരെയുള്ള ഭാഗം കുത്തിറക്കവും വളവുകളും നിറഞ്ഞതാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇവിടെ 26 വാഹനാപകടങ്ങളാണുണ്ടായത്. അപകടങ്ങളിൽ 4 ഇരുചക്ര വാഹന യാത്രക്കാരാണ് മരിച്ചത്.
ഗ്യാപ് റോഡിൽനിന്നു ബൈസൺവാലി ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടങ്ങളിൽപെട്ടതെല്ലാം. കുത്തിറക്കത്തിൽ ഫസ്റ്റ് ഗിയറിൽ ഇറങ്ങിയാൽ പോലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. 7 കിലോമീറ്റർ തുടർച്ചയായി ബ്രേക്ക് പ്രയോഗിക്കുന്നതും അപകടത്തിന് വഴിയാെരുക്കുന്നു. വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിച്ച വാഹനങ്ങളാണ് അപകടങ്ങളിൽപെട്ടവയിൽ കൂടുതലും. സമുദ്രനിരപ്പിൽനിന്നു 7000 അടി ഉയരമുള്ള ഇവിടെ റോഡ് നിർമിച്ചപ്പോൾ ശാസ്ത്രീയ പഠനങ്ങളാെന്നും നടത്തിയില്ലെന്ന് വിദഗ്ധർ പറയുന്നു.
ഇത്തരം സ്ഥലങ്ങളിൽ റോഡ് നിർമിക്കുമ്പോൾ അപകട സാധ്യതകളാെഴിവാക്കാൻ ചുരത്തിന്റെ മാതൃകയാണ് സ്വീകരിക്കാറുള്ളത്. തങ്ങൾക്ക് ലഭിച്ച ഡിപിആർ അനുസരിച്ച് നിർമാണം പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നാണ് നിർമാണ ചുമതലയുണ്ടായിരുന്ന കെഎസ്ടിപി അധികൃതർ വ്യക്തമാക്കുന്നു. കുത്തിറക്കങ്ങളാെഴിവാക്കി റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.