ഹെലിബറിയ ചതിച്ചു; വെള്ളമില്ലാതായിട്ട് 10 ദിവസം: ആയിരത്തിലേറെ കുടുംബങ്ങൾ ദുരിതത്തിൽ
Mail This Article
പെരുവന്താനം∙ ഹെലിബറിയ പദ്ധതിയിൽനിന്നുളള ശുദ്ധജല വിതരണം മുടങ്ങിയിട്ട് 10 ദിവസം. പെരുവന്താനം, കൊക്കയാർ, ഏലപ്പാറ, പീരുമേട് പഞ്ചായത്തുകളിലെ ജല അതോറിറ്റിയുടെ ആയിരത്തിലധികം ഗുണഭോക്താക്കൾ ദുരിതത്തിൽ. വള്ളക്കടവിലെ പെരിയാർ നദിയുടെ തീരത്തുള്ള കുളത്തിൽ വെള്ളം കുറഞ്ഞതാണ് പമ്പിങ് മുടങ്ങാൻ ഇടയാക്കിയത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ പെരിയാർ നദിയിലേക്കു മോട്ടർ ഘടിപ്പിച്ചു പമ്പിങ് ആരംഭിക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർ തയാറായില്ലെന്നാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുളളവരുടെ ആരോപണം.
ജലവിതരണം മുടങ്ങിയതിനു പിന്നാലെ ജലഅതോറിറ്റി സബ് ഡിവിഷൻ ഓഫിസിലേക്ക് നാട്ടുകാരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പരാതി അറിയിച്ചെങ്കിലും വെള്ളമില്ലാത്തതിനാലാണ് പമ്പിങ് മുടങ്ങിയതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. പെരുവന്താനത്തും കൊക്കയാറിലും ജലവിതരണം പൂർണമായി മുടങ്ങിയതിനെ തുടർന്ന് പെരുവന്താനം പഞ്ചായത്ത് അംഗങ്ങളായ നിസാർ മുഹമ്മദ് പി.ആർ.ബിജുമോൻ എന്നിവർ വള്ളക്കടവിൽ എത്തി അന്വേഷിച്ചപ്പോൾ പെരിയാർ നദിയിൽനിന്നു പമ്പിങ് നടത്തുന്നതിനു വേണ്ടതിലധികം വെള്ളമുണ്ടെന്നും മനസ്സിലായി. ഇതോടെ പഞ്ചായത്ത് അംഗങ്ങൾ ഇവിടെ പ്രതിഷേധം നടത്തി.
തേക്കടിയിൽനിന്ന് മോട്ടർ എത്തിക്കാൻ നീക്കം
ജലവിതരണം മുടങ്ങിയതിൽ പ്രതിഷേധം ശക്തമായതോടെ തേക്കടിയിൽനിന്നു മോട്ടർ എത്തിച്ചു പമ്പിങ് പുനരാരംഭിക്കാൻ ശ്രമിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ. പൈപ്പുകളിൽ വെള്ളം എത്തിയില്ലെങ്കിൽ ഇന്ന് മുതൽ നാട്ടുകാർ തെരുവിൽ ഇറങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് മോട്ടർ എത്തിക്കാമെന്ന് സ്ഥലത്ത് എത്തിയ പീരുമേട് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചത്. 25 എച്ച്പിയുടെ മോട്ടർ എത്തിച്ചു പെരിയാർ തീരത്ത് സ്ഥാപിക്കാനാണ് തീരുമാനം. ശുദ്ധജല പ്രശ്നം ഉടനടി പരിഹരിക്കുമെന്ന് വാഴൂർ സോമൻ എംഎൽഎയും അറിയിച്ചു.