തേക്കടിയിൽനിന്ന് മോട്ടർ ‘കടത്താനുള്ള’ നീക്കം പാളി
Mail This Article
കുമളി∙ തേക്കടി - ചക്കുപള്ളം ശുദ്ധജല വിതരണ പദ്ധതിയുടെ മോട്ടർ കൊണ്ടുപോകാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം കുമളി പഞ്ചായത്ത് തടഞ്ഞു. ഹെലിബറിയ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ശുദ്ധജലം എത്തിക്കാനാണ് തേക്കടിയിൽനിന്ന് മോട്ടർ കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചത്. ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കെ ഇവിടെനിന്നുനിന്ന് മോട്ടർ എടുത്തുമാറ്റിയാൽ കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് ജല അതോറിറ്റിയുടെ നടപടി തടഞ്ഞത്.
മുൻപ് 90 എച്ച്പിയുടെ മോട്ടർ പ്രവർത്തിപ്പിച്ചിരുന്ന തേക്കടിയിൽ ഇപ്പോൾ 25 എച്ച്പിയുടെ 2 മോട്ടറുകളാണുള്ളത്. തേക്കടി തടാകത്തിലെ ജലനിരപ്പ് അനുദിനം താഴുന്ന സാഹചര്യത്തിൽ ഇവിടെ 2 മോട്ടറുകളും അനിവാര്യമാണ്. എണ്ണായിരത്തിലേറെ ഉപഭോക്താക്കളാണ് ഈ പദ്ധതിയുടെ പരിധിയിലുള്ളത്. തേക്കടിയിൽനിന്ന് കൃത്യമായി പമ്പിങ് നടത്തിയാലും ജലക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങൾ തേക്കടി പദ്ധതിയുടെ പരിധിയിലുണ്ട്. ഒരു ദിവസമെങ്കിലും പമ്പിങ് നിലച്ചാൽ സ്ഥിതി രൂക്ഷമാകും.
നിലവിലുള്ള 2 മോട്ടറുകളിൽ ഒന്ന് തകരാറിലായാലും മറ്റൊരു മോട്ടർ പ്രവർത്തിപ്പിച്ച് തൽക്കാലം പിടിച്ചുനിൽക്കാം. മോട്ടർ കൊണ്ടുപോയാൽ തിരികെ കിട്ടാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് മോട്ടർ കൊണ്ടു പോകുന്നത് തടഞ്ഞതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.ഒരു പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാൻ മറ്റൊരു സ്ഥലത്തെ ജലക്ഷാമത്തിലേക്ക് തള്ളിവിടുന്ന ഉദ്യോഗസ്ഥരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കി.