ADVERTISEMENT

തൊടുപുഴ ∙ ഇന്ന്  ഇടത്, വലത് സ്ഥാനാർഥികൾ ഇടുക്കി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ പത്രിക സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കി മണ്ഡലത്തിൽ എത്തുന്നുണ്ട്. ഇടുക്കി ജില്ലയിൽ വൈകിട്ട് 3നു രാജക്കാടും 5നു കട്ടപ്പനയിലും പ്രചാരണം നടത്തും. രാവിലെ 10നു കോതമംഗലത്തും മുഖ്യമന്ത്രി എത്തുന്നുണ്ട്. 

ഡീൻ കുര്യാക്കോസ്  ഇന്ന് 2 മണിക്ക്
യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചകഴിഞ്ഞു 2 മണിക്കു വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഷീബ ജോർജ് മുൻപാകെയാണു പത്രിക സമർപ്പിക്കുന്നത്. രാവിലെ മാതാപിതാക്കളുടെ അനുഗ്രഹം തേടിയ ശേഷം വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചെറുതോണിയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തി യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കും. മുൻ എംഎൽഎ എ.കെ.മണിയുടെ നേതൃത്വത്തിലുള്ള മൂന്നാറിലെ തോട്ടം തൊഴിലാളികൾ സമാഹരിച്ചു നൽകുന്ന തുകയാണ് കെട്ടിവയ്ക്കുന്നതിനായി നൽകുന്നത്. പത്രിക സമർപ്പണത്തിൽ ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിയെ അനുഗമിക്കും.

ജോയ്സ് ജോർജ് രാവിലെ 11 ന്
മാമലക്കണ്ടത്തെ വിവിധ ആദിവാസി ഊരുകളിൽ സന്ദർശനം നടത്തി എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് മരണപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി വിജിന്റെ വീട്ടിൽ എത്തി ജോയ്സ് ജോർജ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പിന്നീട് ഊരുമൂപ്പൻ മൈക്കിൾ മൈക്കിളിനെ കണ്ട സ്ഥാനാർഥി എളംബ്ലാശേരി സിഎസ്ഐ ഈസ്റ്റ് ഡയോസിസ് മിഷൻ ഹൗസ് സന്ദർശിച്ച് പാസ്റ്റർ ജോസ് മോനെ കണ്ടു സംസാരിച്ചു.

ജോയ്സ് ജോർജ് ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10 ന് ചെറുതോണിയിൽ നിന്നും പുറപ്പെട്ട് വെള്ളപ്പാറ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം പൈനാവ് സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തും. അവിടെ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളോടൊപ്പം കലക്ടറേറ്റിലെത്തി 11 ന് പത്രിക സമർപ്പിക്കും. തുടർന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.

നേതാക്കൾക്കൊപ്പം എത്തി  സംഗീത 
ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തൊടുപുഴയിൽ നിന്നും ഇന്നലെ രാവിലെ കുടുംബ സമേതം എത്തിയ സ്ഥാനാർഥി ഉച്ചയ്ക്ക് 2 ന് വെള്ളാപ്പാറയിൽ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കലക്ടറേറ്റിൽ പത്രികസമർപ്പണത്തിനായി എത്തിയത്. 2.45നു കലക്ടറുടെ ചേംബറിൽ നേതാക്കളോടൊപ്പം എത്തിയ സ്ഥാനാർഥി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ഷീബ ജോർജിനു മുൻപാകെ ഒരു സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത്, ബിജെപി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്നു കരിമ്പനിലെ ഇടുക്കി ബിഷപ്സ് ഹൗസിലെത്തിയ സ്ഥാനാർഥി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിനെ സന്ദർശിച്ചു.

പിന്നീട് എസ്എൻഡിപി ഇടുക്കി യൂണിയൻ ഓഫിസിൽ എത്തി സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിലിനോടും സഹപ്രവർത്തകരോടും പിന്തുണ അഭ്യർഥിച്ചു. എസ്എൻഡിപി വനിതാ സംഘം പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്നു നെടുങ്കണ്ടത്ത് ഉടുമ്പൻചോല നിയോജക മണ്ഡലം കൺവൻഷനിലും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com