മൂന്നാർ പഞ്ചായത്തിൽ സംവിധാനമില്ല! ഇതു പോതമേട് അല്ല, ‘മാലിന്യ’മേട്
Mail This Article
മൂന്നാർ∙ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് സംവിധാനമില്ലാത്തിനാൽ പോതമേട് ടൗണിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു. പള്ളിവാസൽ പഞ്ചായത്തിൽപെട്ട പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പോതമേട് ടൗണിന്റെ പ്രവേശന കവാടത്തിലാണ് മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുന്നത്. നൂറിലേറെ കുടുംബങ്ങളാണ് പോതമേട് ടൗണിൽ തിങ്ങിപ്പാർക്കുന്നത്. മാലിന്യം സംസ്കരിക്കുന്നതിന് സൗകര്യമില്ലാത്തതിനാൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും പ്രദേശവാസികൾ പാതയോരത്താണ് തള്ളുന്നത്.
സമീപത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യവും രാത്രി പാതയോരത്താണ് തള്ളുന്നത്. രാത്രി കാലങ്ങളിൽ ഭക്ഷണം തേടിയെത്തുന്ന വന്യമൃഗങ്ങൾ മാലിന്യങ്ങൾ വലിച്ചു കൊണ്ടുവന്നു പാതയിലേക്ക് ഇടുന്നത് പതിവാണ്. മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പതിവായി അധികൃതരെ ബന്ധപ്പെടുമെങ്കിലും ആരും തിരിഞ്ഞുപോലും നോക്കാറില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ കാൽനടയായും മറ്റും യാത്ര ചെയ്യുന്ന പാതയിലാണ് മാലിന്യങ്ങൾ പതിവായി തള്ളുന്നത്.