കാരവൻ എത്തി: ഇനി യാത്ര വേറെ ലെവൽ; സോഫ-കം- ബെഡ്, ഫ്രിജ്, മൈക്രോവേവ് അവ്ൻ...സൗകര്യങ്ങൾ ഇവ!!

കാരവൻ കേരള ടൂറിസം പദ്ധതിയുടെ ഭാഗമായി ഇന്നു നടക്കുന്ന പ്രദർശനത്തിനായി ഭാരത് ബെൻസിന്റെ കാരവൻ പുതിയതെരുവിലെ മാഗ്നറ്റ് ഹോട്ടൽ പരിസരത്ത് എത്തിച്ചപ്പോൾ. ചിത്രം: മനോരമ
കാരവൻ കേരള ടൂറിസം പദ്ധതിയുടെ ഭാഗമായി ഇന്നു നടക്കുന്ന പ്രദർശനത്തിനായി ഭാരത് ബെൻസിന്റെ കാരവൻ പുതിയതെരുവിലെ മാഗ്നറ്റ് ഹോട്ടൽ പരിസരത്ത് എത്തിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

കണ്ണൂർ ∙ വാഹനം, യാത്ര, ഭക്ഷണം, ഹോട്ടലുകളിലെ മുറിയെടുപ്പ്, സുരക്ഷ.. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ വിനോദയാത്രയ്ക്ക് ഒരുങ്ങുമ്പോൾ തലപുകയ്ക്കാൻ ഏറെയുണ്ട് കാര്യങ്ങൾ, പ്രത്യേകിച്ച് കോവിഡ് ആശങ്ക നിലനിൽക്കുമ്പോൾ. ഇതെല്ലാം മറന്നു യാത്ര ചെയ്യാൻ വാതിൽ തുറക്കുകയാണു സംസ്ഥാന സർക്കാരിന്റെ ‘കാരവൻ കേരള’ പദ്ധതി. കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളെല്ലാം കണ്ട്, അവിടെത്തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു സമാനമായ സൗകര്യങ്ങളോടെ താമസിച്ച്, രുചികരമായ ഭക്ഷണവും ആസ്വദിച്ചു സുരക്ഷിതമായി തിരികെയെത്തിക്കുമെന്ന ഉറപ്പാണ് ‘കാരവൻ കേരള’ നൽകുന്നത്.

ലോകത്തിനു മുന്നിൽ വടക്കേ മലബാറിന്റെ സാധ്യതകൾ തുറന്നിടുന്ന ഒട്ടേറെ പദ്ധതികൾക്കാണ് വിനോദസഞ്ചാര വകുപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടേക്ക് എത്തുന്നവർക്ക് യാത്രയ്ക്കും താമസത്തിനുമായി കാരവനുകൾ പ്രയോജനപ്പെടുത്തുന്നതും പരിഗണിക്കുന്നു. കാരവൻ കേരളയിൽ നിക്ഷേപ അവസരങ്ങളും ഒട്ടേറെയുണ്ട്. സംരംഭകർക്കും സഞ്ചാരികൾക്കും കാണാനായി കാരവനുകളുടെയും ക്യാംപിങ് ട്രക്കുകളുടെയും പ്രദർശനം ഇന്നു പുതിയതെരുവിലെ മാഗ്നറ്റ് ഹോട്ടലിൽ നടക്കും.

രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. ഭാരത് ബെൻസ്, ഫോഴ്സ് എന്നീ കമ്പനികളുടെ കാരവനും ഇസുസു കമ്പനിയുടെ ക്യാംപ് ട്രക്കുമാണ് പ്രദർശനത്തിലുള്ളത്. ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ടൂർ ഓപ്പറേറ്റർമാർക്കും പ്രദർശനത്തിൽ എത്തിയാൽ നിക്ഷേപ സാധ്യതകൾ മനസ്സിലാക്കാൻ കഴിയുമെന്ന് ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പറഞ്ഞു. കാരവൻ ഓപ്പറേറ്റർമാർക്ക് നിക്ഷേപത്തിന് സബ്സിഡിയും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.

സംസ്ഥാനത്ത് ഇതിനകം 109 സംരംഭകർ 213 കാരവനുകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 66 കാരവൻ പാർക്കുകൾ നിർമിക്കുന്നതിന് 49 നിക്ഷേപകരും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിനോദസഞ്ചാര വകുപ്പ് അധികൃതർ അറിയിച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സന്ദർശകരെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും അവർക്കു രാത്രിയോ പകലോ ദീർഘനേരം ചെലവഴിക്കുന്നതിനുമാണ് കാരവൻ പാർക്കുകൾ ഒരുക്കുന്നത്.

പ്രത്യേകതകൾ

രണ്ടുപേർക്ക് യാത്ര ചെയ്യാവുന്നതും നാലു പേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്നതുമായ കാരവനുകൾ ലഭ്യമാണ്. സോഫ-കം- ബെഡ്, ഫ്രിജ്, മൈക്രോവേവ് അവ്ൻ, ഡൈനിങ് ടേബിൾ, ശുചിമുറി, എസി, ഇന്റർനെറ്റ് കണക്‌ഷൻ, ഓഡിയോ-വിഡിയോ സൗകര്യങ്ങൾ, ചാർജിങ് സംവിധാനം തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും കാരവനുകളിൽ ക്രമീകരിച്ചിട്ടുണ്ട്. നിരക്ക് ടൂറിസം വകുപ്പ് നിശ്ചയിക്കും.

ടൂറിസം ഉത്തേജന പദ്ധതിയുമായി ചേംബർ ഓഫ് കൊമേഴ്സ്

ഉത്തര മലബാറിന്റെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കേരള ടൂറിസം വകുപ്പുമായി ചേർന്ന് ‘മിസ്റ്റിക്കൽ മലബാർ’ എന്ന പേരിൽ ഫാം ടൂർ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 70ൽ അധികം ടൂർ ഓപ്പറേറ്റർമാരെയും ട്രാവൽ ഏജന്റുമാരെയും ഉത്തരമലബാറിലെത്തിക്കും. ‘ഫാം 2 മലബാർ 500’ എന്ന പേരിൽ അഞ്ഞൂറോളം ട്രാവൽ ഏജൻസിനെയും ടൂർ ഓപ്പറേറ്റർമാരെയും കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് ഇപ്പോൾ നടത്തുന്ന പരിപാടി.

ഇന്ന് 9ന് ചേംബർ ഹാളിൽ ടൂറിസം വകുപ്പ് അഡീഷനൽ സെക്രട്ടറി ഡോ.വി.വേണു പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നു ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ ഡോ.ജോസഫ് ബെനവൻ, ടി.കെ.രമേഷ് കുമാർ, ഹനീഷ്.കെ.വാണിയങ്കണ്ടി, സി.അനിൽ കുമാർ, കെ.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA