കണ്ണൂർ∙ ഭരണഘടനയും മതനിരപേക്ഷ ഉള്ളടക്കവും സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയുമാണ് ഇന്നിന്റെ കടമയെന്നു മന്ത്രി എം.വി.ഗോവിന്ദൻ. സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘ദാഹജലം കുടിച്ചതിന് സവർണ അധ്യാപകന്റെ അടിയേറ്റു മരിക്കേണ്ടി വന്ന ബാലന്റെ ദയനീയ ചിത്രമാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നാം കാണേണ്ടി വന്നത്. ജാതീയതയുടെ ഭീതിദ മുഖമാണിതു വെളിവാക്കുന്നത്. വൈവിധ്യമാർന്ന ജനത ഒരുമിച്ച് ജീവിക്കുന്ന, നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിക്കുന്ന നാടാണ് ഇന്ത്യ.
ബ്രിട്ടീഷുകാരുടെ ഇന്ത്യയിൽ ജീവിച്ച ഗാന്ധിജിക്ക് സ്വതന്ത്ര ഇന്ത്യയിൽ ജീവൻ നഷ്ടമായി. കേരളത്തിലെ ഇത്രയധികം വീട്ടുമുറ്റങ്ങളിൽ ദേശീയ പതാക ഉയർന്നതു മതനിരപേക്ഷ ജനാധിപത്യ ഭാരതം സൃഷ്ടിക്കാനുള്ള ചുവടുവയ്പ്പാണ്’ – മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ എസ്.ചന്ദ്രശേഖർ, റൂറൽ എസ്പി പി.ബി.രാജീവ്, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ഡപ്യൂട്ടി മേയർ കെ.ഷബീന, രാഷട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ റിട്ട. എസിപി ടി.പി. പ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു.
ധർമടം ഇൻസ്‌പെക്ടർ കെ.വി.സ്മിതേഷ് കമാൻഡറായി. കെഎപി നാലാം ബറ്റാലിയൻ, സിറ്റി, റൂറൽ, വനിത പൊലീസ് വിഭാഗം, ജയിൽ, എക്‌സൈസ്, വനം, എൻസിസി, എസ്പിസി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തു. സമ്മാനം നേടിയ പ്ലാറ്റൂണുകൾ: കെഎപി ഫോർത്ത് ബറ്റാലിയൻ, കണ്ണൂർ ഗവ. പോളിടെക്‌നിക്ക്, മട്ടന്നൂർ എച്ച്എസ്എസ്, സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് , അഴീക്കോട് എച്ച്എസ്എസ്, സെന്റ് തേരസാസ് ആഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, ചൊവ്വ എച്ച്എസ്എസ്. ഓഫിസുകളുടെ ദീപാലങ്കാര മത്സരത്തിൽ കലക്ടറേറ്റും സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സും സെൻട്രൽ ജയിലും യഥാക്രമം ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ നേടി. 40 വർഷമായി സ്വാതന്ത്ര്യ ദിന പരേഡിന് പന്തൊലൊരുക്കുന്ന താണ സ്വദേശി കെ.പി.വത്സലൻ, 25 വർഷത്തിലേറെയായി ശബ്ദസംവിധാനം നൽകുന്ന കതിരൂർ സ്വദേശി ഷാജി പ്രകാശ് എന്നിവരെ ആദരിച്ചു.