ADVERTISEMENT

മട്ടന്നൂർ∙വികസന മുരടിപ്പു വിഷയമാക്കി, ഇരട്ടി നേട്ടം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിൽ യുഡിഎഫ്. വോട്ടു ചേർക്കുന്നതു മുതൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും യുഡിഎഫിനു തുണയായി. ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനെ വളരെ നേരത്തെ തന്നെ മട്ടന്നൂരിലേക്കു നിയോഗിച്ച ഡിസിസിയുടെ ആസൂത്രണ മികവും നിർണായകമായി. യുഡിഎഫിനു മട്ടന്നൂരിൽ 14 സീറ്റ് ഇതാദ്യമല്ല. 2012ലും 14 സീറ്റ് നേടിയിരുന്നു അവർ. 

യുഡിഎഫ് നേട്ടം ഒറ്റനോട്ടത്തിൽ

പൊറോറ, എളന്നൂർ, ആണിക്കരി, പെരിഞ്ചേരി, കളറോഡ്, ഇല്ലംഭാഗം, മരുതായി, മേറ്റടി വാർഡുകൾ എൽഡിഎഫിൽ നിന്നു പിടിച്ചെടുത്തു. മിനിനഗർ, പാലോട്ടുപള്ളി, ടൗൺ, മട്ടന്നൂർ,മണ്ണൂർ, ബേരം വാർഡുകൾ നിലനിർത്തി. സിറ്റിങ് സീറ്റായ കയനി വാർഡ് നഷ്ടപ്പെട്ടു. ഇതിൽ പെരിഞ്ചേരിയും ഇല്ലംഭാഗവും സ്ഥിരമായി എൽഡിഎഫ് ജയിക്കുന്ന വാർഡുകളാണ്. സിപിഎമ്മിലെ പടലപ്പിണക്കമാണു രണ്ടിടത്തും സിപിഎം സ്ഥാനാർഥികളുടെ തോൽവിക്കിടയാക്കിയത്. 

158 വോട്ടിന്റെ നഷ്ടം

158 വോട്ടിന്റെ കുറവ്, യുഡിഎഫിനു നഷ്ടപ്പെടുത്തിയത് 4 വാർഡുകൾ മാത്രമല്ല, മട്ടന്നൂർ നഗരസഭാ ഭരണം തന്നെയാണ്. യുഡിഎഫ് കുറഞ്ഞ വോട്ടിനു തോറ്റ 4 വാർഡുകളും വോട്ടും നോക്കിയാൽ അതു വ്യക്തമാകും. മുണ്ടയോട് (4), നാലാങ്കേരി (45), കയനി (53), കോളാരി (56). നാലും കൂട്ടിയാൽ 158 വോട്ട്. നാലിടത്തെ പരാജയ കാരണങ്ങൾ യുഡിഎഫ് വിലയിരുത്തുന്നതിങ്ങനെ :

കയനിയിൽ വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകുകയും വ്യാജ വോട്ടർമാരെ തിരിച്ചറിഞ്ഞ്, വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. മുണ്ടയോട് കള്ളവോട്ടാണ് കാരണം. നാലാങ്കേരിയിലും കോളാരിയിലും എസ്ഡിപിഐയുമായി എൽഡിഎഫ് രഹസ്യസഖ്യമുണ്ടാക്കി.  

നേട്ടത്തിന്റെ കാരണങ്ങൾ

∙വികസനമുരടിപ്പ് പ്രധാന പ്രചാരണ വിഷയമാക്കി. അതു ജനങ്ങളിൽ ഏശുകയും ചെയ്തു. സംസ്ഥാന സർക്കാരിനെതിരായ വികാരവും പ്രതിഫലിച്ചിട്ടുണ്ടാകാം.

∙പട്ടികയിൽ വോട്ട് ചേർക്കുന്നതു മുതൽ സജീവമായി യുഡിഎഫ്. തർക്കങ്ങളില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. ഏക റിബൽ സ്ഥാനാർഥിയുണ്ടായതു മിനിനഗർ വാർഡിൽ മാത്രം. എന്നിട്ടും ഇവിടെ ലീഗ് സ്ഥാനാർഥി ജയിച്ചു. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തായി.

∙തിര‍ഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ എന്ന നിലയിൽ ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിന്റെ സജീവമായ ഇടപെടൽ. തുടക്കം മുതൽ വോട്ടെണ്ണുന്നതു വരെ രാജീവൻ എളയാവൂർ മട്ടന്നൂരിൽ തന്നെ നിൽക്കുകയും എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്തു. 

∙ആഘോഷപ്രചാരണങ്ങൾക്കു നിൽക്കാതെ, വീടുകളിൽ കുടുംബയോഗങ്ങളിലൂടെ യുഡിഎഫ് പ്രചാരണം. 

∙വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, രമ്യ ഹരിദാസ്,ഷാഫി പറമ്പിൽ, കെ.മുരളീധരൻ തുടങ്ങിയ നേതാക്കൾ പ്രചാരണത്തിനെത്തിയത് ആവേശം പകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com