ADVERTISEMENT

കണ്ണൂർ∙ പാമ്പുകടിയേറ്റ് അവശനിലയിലായ ജൂലിയെന്ന നായയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ യൂണിറ്റ്. മൃഗാശുപത്രികളുടെ സേവനം അവസാനിച്ചെങ്കിലും രാത്രിയിലും പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടറുടെയും വിദഗ്ധരുടെയും പരിചരണം ലഭിച്ചതോടെ ജൂലിയെന്ന നാലുവയസ്സുകാരി ലാബ്രഡ്രോർ വിഭാഗത്തിൽപ്പെടുന്ന നായ ഇപ്പോൾ പുതുജീവിതത്തിലേക്ക് മടങ്ങിവരികയാണ്.മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം അടക്കം ലഭിച്ച തളിപ്പറമ്പ് ബക്കളം സ്വദേശി കെ.വി.സിമിയുടെ വീട്ടിലെ നായയ്ക്കാണ് കഴിഞ്ഞദിവസം പാമ്പുകടിയേറ്റത്.   കോഴിഫാമിലേക്കു കടക്കാനെത്തിയ അണലിപ്പാമ്പിനെ തടയുന്നതിനിടെയാണ് മുഖത്ത് കടിയേറ്റത്.

Also read: പടിഞ്ഞാറെ കല്ലട ഗ്രാമം ഒരുങ്ങുന്നു; ഇരട്ടകളുടെ വിവാഹത്തിന്

mobile-unit-of-animal-husbandry-department
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി ക്ലിനിക്ക്.

ജൂലിയെ രക്ഷിച്ച മൊബൈൽ ക്ലിനിക്

കോഴിഫാമിനു സമീപത്തുള്ള വലയിൽ കുടുങ്ങിക്കിടന്ന നിലയിൽ വലിയ പാമ്പിനെ കണ്ടെത്തിയതോടെയാണ് നായയ്ക്കു പാമ്പുകടിയേറ്റതാണെന്നു വീട്ടുകാർക്കു മനസ്സിലാകുന്നത്. അപ്പോഴേക്കും സമീപത്തെ മൃഗാശുപത്രികളുടെ പ്രവർത്തനസമയം കഴിഞ്ഞിരുന്നു. മണിക്കൂറുകൾ പിന്നിട്ടതോടെ ജൂലിയുടെ ശരീരം നീരുവന്നു വീർക്കുകയും തളരുകയും ചെയ്തു. തുടർന്ന് 1962 എന്ന ഹെൽപ്‌ലൈനിൽ വിളിച്ചു. മിനിറ്റുകൾക്കുള്ളിൽ സിമിയുടെ വീട്ടിലേക്ക് പയ്യന്നൂർ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ നിന്ന് വിളിയെത്തി.

ശ്രമകരമായ ദൗത്യം

ജൂലിയുടെ നില അതീവ ഗുതുതരമായതിനാൽ രണ്ടു ഡോസ് ആന്റിവെനം ആവശ്യമായിരുന്നു. ആന്റിവെനവുമായി പയ്യന്നൂർ മൊബൈൽ വെറ്ററിനറി യൂണിറ്റിലെ ഡോ.ബെറ്റ്സി മാത്യു, ഡ്രൈവർ ബി.ശ്രീജിത്, പാരാവെറ്ററിനറി ജീവനക്കാരൻ കെ.ടി.വിനയ് എന്നിവർ മിനിറ്റുകൾക്കുള്ളിലെത്തി. ശരീരം വിറയ്ക്കുന്നതിനാൽ ആന്റിവെനവും ഗ്ലൂക്കോസും കയറ്റുക ശ്രമകരമായിരുന്നെന്ന് ഡോ.ബെറ്റ്സി പറഞ്ഞു. വിറയലിന്റെ തീവ്രത മൂലം പലപ്പോഴും സൂചി തെറിച്ചുപോയി. 5 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ജൂലിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നതെന്നും ഡോ.ബെറ്റ്സി പറഞ്ഞു.

വീട്ടിലെത്തും മൊബൈൽ മൃഗാശുപത്രി

1692 എന്ന നമ്പരിൽ വിളിച്ചാൽ അരമണിക്കൂറിനുള്ളിൽ വീട്ടിലെത്തി അരുമകൾക്കു ചികിത്സ നൽകുന്ന യൂണിറ്റാണിത്. ജില്ലയിൽ ഇരിട്ടിയിലും പയ്യന്നൂരിലും മൊബൈൽ യൂണിറ്റുകളുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡന്റ് എന്നിങ്ങനെ മൂന്നു പേർ സേവനത്തിനായിയുണ്ടാകും. കഴിഞ്ഞ 10 നും 11നും ആയാണ് ജില്ലയിലെ യൂണിറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയത്.

മൃഗങ്ങളെ വളർത്തുന്നവരും കർഷകരും ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖ പറഞ്ഞു. അടിയന്തര ഘട്ടത്തിൽ മികച്ച ചികിത്സ വീട്ടുപടിക്കലെത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്ന് നോഡൽ ഓഫിസർ കൂടിയായ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹനൻ പറഞ്ഞു.

സേവന നിരക്ക്

കന്നുകാലികൾ, പൗൾട്രി– 450 രൂപ

അരുമമൃഗങ്ങൾ– 950 രൂപ

ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ– 950 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com