ADVERTISEMENT

ചെറുപുഴ∙ കാട്ടുമൃഗങ്ങളെ പേടിച്ചു കർഷകർ കൃഷികൾ ഉപേക്ഷിക്കാൻ തുടങ്ങി. കണ്ണൂർ -കാസർകോട് ജില്ലകളുടെ മലയോര പഞ്ചായത്തുകളിലെ കർഷകരാണു കാട്ടുമൃഗങ്ങളെ പേടിച്ചു കൃഷികൾ ഉപേക്ഷിക്കുന്നത്. കാട്ടുപന്നി, മുള്ളൻപന്നി, മയിൽ, കുരങ്ങ് തുടങ്ങിയവയുടെ ശല്യമാണു മലയോരത്തു ദിനംപ്രതി വർധിച്ചുവരുന്നത്. കപ്പ, ചേന, ചേമ്പ്, കമുക്, തെങ്ങ്, പച്ചക്കറി, വാഴ, കശുമാവ് തുടങ്ങിയ കൃഷികളാണു കാട്ടുമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത്. ഇതാണു പല കർഷകരെയും കാർഷിക മേഖലയിൽ നിന്നു പിൻമാറാൻ പ്രേരിപ്പിക്കുന്നത്.

നേരത്തെ വൻതോതിൽ കിഴങ്ങ് വിളകൾ കൃഷികൾ ചെയ്തു വന്നിരുന്ന കർഷകർ പോലും കാട്ടുമൃഗങ്ങളെ പേടിച്ചു ഇപ്പോൾ സ്വന്തം ആവശ്യത്തിനു മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. ഇവ സംരക്ഷിക്കാൻ തന്നെ കൃഷിയിടത്തിനു ചുറ്റിലും നെറ്റും, പ്ലാസ്റ്റിക് ഷീറ്റും മറ്റും വലിച്ചുകെട്ടേണ്ട സ്ഥിതിയാണ്. കർണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കുരങ്ങുശല്യം മൂലം ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നു കർഷകർ പറയുന്നു. നേരത്തെ ആൾ താമസമില്ലാത്ത പ്രദേശങ്ങളിലാണു കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നത്. എന്നാൽ ഇന്ന് ടൗണിൽ പോലും കാട്ടുപന്നി, കുരങ്ങ് ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ കാണാൻ സാധിക്കും. ഇതോടെ കർഷകർക്ക് പുറമേ നാട്ടുകാരും ഭീതിയിലാണ്.

കാട്ടുമൃഗങ്ങളെ പേടിച്ചു ഇപ്പോൾ റബർ ടാപ്പിങ് നടത്താനോ, കശുവണ്ടി ശേഖരിക്കാനോ പറ്റാത്ത സ്ഥിതിയാണെന്നു കർഷകർ പറയുന്നു. കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്ന കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കാനോ നഷ്ടപരിഹാരം നൽകാനോ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ചൂട് കടുത്തതോടെ കാട്ടുമൃഗങ്ങൾ വെളളവും ഭക്ഷണവും തേടി ജനവാസകേന്ദ്രങ്ങളിൽ എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. കാട് ഇറങ്ങി വരുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com