കാണണം ഈ കണ്ണീർ: നട്ടുനനച്ചു പരിപാലിച്ച കൃഷിയിടങ്ങൾ കാട്ടാനകൾക്ക് വിട്ടു നൽകേണ്ട അവസ്ഥ
Mail This Article
ഉളിക്കൽ ∙ വർഷങ്ങളായി നട്ടുനനച്ചു പരിപാലിച്ചിരുന്ന കൃഷിയിടങ്ങൾ കാട്ടാനകൾക്ക് വിട്ടു നൽകേണ്ട അവസ്ഥയിലാണു തൊട്ടിപ്പാലം മേഖലയിലെ കർഷകർ. കഴിഞ്ഞ ഒരു മാസത്തോളമായി തൊട്ടിപ്പാലം, കുണ്ടേരി, ഉപദേശിക്കുന്ന് പ്രദേശങ്ങളിൽ ആന ശല്യം രൂക്ഷമാണ്.
ഒരാഴ്ചയ്ക്കിടെ 20ലേറെ കർഷകരുടെ വാഴകളും കപ്പകളും കശുമാവുകളും റബർ മരങ്ങളും ഉൾപ്പെടെയാണ് ആനക്കൂട്ടം നശിപ്പിച്ചത്. ആനഭീതി കാരണം ഏക്കർ കണക്കിന് സ്ഥലത്തെ കാർഷിക വിളകളാണ് കർഷകർ ഉപേക്ഷിച്ചിരിക്കുന്നത്.
വെള്ളംകുടിയും മുടക്കുന്നു
നീർച്ചാലുകളിൽ നിന്നു പൈപ്പ് കണക്‌ഷൻ വഴിയാണു പ്രദേശത്തെ വീടുകളിലേക്കു വെള്ളമെടുക്കുന്നത്. ആനയിറങ്ങി വിസർജനം നടത്തി വെള്ളം മലിനമാക്കുന്നതും പൈപ്പ് തകർക്കുന്നതും പതിവായതോടെ കുടിവെള്ളത്തിനായി ജനം പ്രയാസപ്പെടുകയാണ്.
ശുദ്ധജലക്ഷാമം രൂക്ഷമായതോടെ വെള്ളം ശേഖരിക്കാൻ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പലരും. മുൻപ് വനാതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിലാണ് കാട്ടാന ശല്യം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ജനവാസ മേഖലകളിലേക്കും ആനകൾ എത്തുകയാണ്.
കഴിഞ്ഞ ദിവസം രാത്രി തേലക്കാട്ടിൽ ജോഷിയുടെ വീട്ടുമുറ്റത്തും കുണ്ടേരി - ഉപദേശിക്കുന്ന് റോഡിലും ആനക്കൂട്ടമെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി കുട്ടിയാന ഉൾപ്പെടെ 11 ലേറെ ആനകൾ പ്രദേശത്തുണ്ടെന്നു നാട്ടുകാർ പറയുന്നു. വനം വകുപ്പിൽ അറിയിച്ചാലും റോഡരികിൽ വന്ന് പടക്കം പൊട്ടിച്ച് പോകുകയാണ് ചെയ്യുന്നത്.
സോളർ വേലിയും തകരാറിൽ
2016 ൽ കാലാങ്കി മുതൽ തൊട്ടിപ്പാലം വരെയും പിന്നീട് പേരട്ട വരെയും വനാതിർത്തിയിൽ വനം വകുപ്പ് സോളർ വേലി സ്ഥാപിച്ചിരുന്നു. എന്നാൽ ഉപദേശിക്കുന്നിലെ സോളർ വേലിയുടെ ബാറ്ററി തകരാറിലായതോടെ ഈ ഭാഗത്തെ പ്രവർത്തനം നിലച്ചു.
2020 ൽ തൊട്ടിപ്പാലം വാർഡ് അംഗം അഷ്റഫ് പാലശ്ശേരിയുടെ നേതൃത്വത്തിൽ പുതിയ ബാറ്ററി സ്ഥാപിക്കുകയും കാടുകയറിയ സോളർ വേലി ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മഴക്കാലത്ത് കാറ്റിൽ മരം പൊട്ടിവീണും മറ്റും വേലി പൂർണമായും നശിച്ച നിലയിലാണിപ്പോൾ. വനാതിർത്തിയിൽ സൗരോർജ തൂക്കു വേലി (സോളർ ഹാങിങ് ഫെൻസിങ്)
സ്ഥാപിക്കാൻ ഉളിക്കൽ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. സമീപ പഞ്ചായത്തായ പയ്യാവൂർ ഇതു നടപ്പാക്കി രണ്ടു മാസം മുൻപ് ചാർജ് ചെയ്തിട്ടുണ്ട്. ഉളിക്കലിൽ സൗരോർജ തൂക്കുവേലി വരുന്നതോടെ കാട്ടാന ശല്യം പൂർണമായും തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.