ADVERTISEMENT

കണ്ണൂർ ∙ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം, ശുചിത്വവും ഗുണനിലവാരവുമുള്ള അരി മാത്രമേ വിതരണം ചെയ്യാവൂ എന്ന വ്യവസ്ഥ നിലനിൽക്കേ, മണ്ണും പൊടിയും കലർന്ന അരി റേഷൻകടകളിലേക്ക് അയയ്ക്കുന്നതായി ആക്ഷേപം. അരി കൊണ്ടുവരുന്ന വാഗണുകൾ, ലോറി, അരിച്ചാക്കുകൾ സൂക്ഷിക്കുന്ന പൊതുവിതരണ വകുപ്പിന്റെ ഗോഡൗൺ എന്നിവ അടിച്ചുവാരിയാൽ ലഭിക്കുന്ന ശുചീകരിക്കാത്ത അരിയാണു ചാക്കുകളിൽ റേഷൻകടകളിൽ എത്തുന്നത്. ചില റേഷൻകടക്കാർ ഇതു വൃത്തിയാക്കി നൽകും. ചിലർ അതേ പടി നൽകും. വൃത്തിയാക്കിയതിനു ശേഷം മാത്രമേ വിതരണം ചെയ്യാൻ പാടുള്ളുവെന്ന സ്റ്റിക്കർ ഒട്ടിച്ച ചാക്കുകളിലാണ് ഈ അരി റേഷൻകടകളിൽ എത്തുന്നത്. ഇത്തരത്തിലുള്ള അരി കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിലെ ചില റേഷൻകടകളിൽ എത്തിയതായി പരാതിയുണ്ട്.

ഗോഡൗണുകളിൽ നിന്നും മറ്റും അടിച്ചുവാരിക്കൂട്ടിയ അരി വൃത്തിയാക്കാതെ റേഷൻകടകളിൽ അയയ്ക്കാൻ പാടില്ലെന്നു സർക്കാർ നിർദേശമുണ്ട്. ഇത്തരം അരി വൃത്തിയാക്കുന്നതിനു ഗോഡൗണുകളിൽ പ്രത്യേകം തൊഴിലാളികൾ നിലവിലുണ്ട്. വൃത്തിയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ അരി ലഭിച്ചാൽ ഉപഭോക്താക്കൾ റേഷൻ വ്യാപാരികളോടാണു പരാതിപ്പെടുക. ഉപഭോക്താക്കളുടെ പ്രതിഷേധം മുഴുവൻ തങ്ങൾ കേൾക്കേണ്ടിവരുന്നുവെന്നു റേഷൻ വ്യാപാരികൾ പറയുന്നു. ബന്ധപ്പെട്ടവരോടു പരാതിപ്പെടുമ്പോൾ മറ്റു ചാക്കുകളിൽ വന്ന അരിയുമായി കൂട്ടിച്ചേർത്തു കൊടുക്കാനാണു നിർദേശിക്കുന്നതെന്നും റേഷൻ മേഖലയിൽ നിന്നു തന്നെ ആരോപണമുയരുന്നുണ്ട്.

അരിച്ചാക്കുകൾ റേഷൻകടകളിലേക്കു നൽകുമ്പോൾ തൂക്കം നോക്കി ഇറക്കണമെന്നാണു വ്യവസ്ഥ. ഇതും പാലിക്കപ്പെടുന്നില്ല. ഒരു ചാക്കിൽ 50.5 കിലോ അരിയാണു വേണ്ടത്. വാഗണുകളിൽ നിന്ന് അരി ഇറക്കുന്നതു മുതൽ ചാക്കിൽ കൊളുത്തിട്ട് ഇറക്കുന്നതടക്കം കാരണം റേഷൻകടകളിൽ എത്തുമ്പോഴേക്കും അരിയുടെ അളവു കുറയും. വാഗണുകളിൽ നിന്നു ഗോഡൗണുകളിലേക്ക് എത്തുന്ന അരിയും തൂക്കം നോക്കി ഇറക്കാറില്ലെന്നാണു പരാതി. വാഗണുകളിൽ വന്ന അരി തൂക്കംനോക്കി ഇറക്കാതെ നേരെ ലോറികളിലേക്കു മാറ്റുന്നതും പതിവാണ്. ഈ അരി റേഷൻകടകളിലേക്ക് എത്തുമ്പോഴേക്കും ചാക്കിൽ നിന്ന് ഒന്നോ രണ്ടോ കിലോ അരി കുറഞ്ഞിട്ടുണ്ടാകും. ഇക്കാര്യങ്ങൾ കാണിച്ചു ബന്ധപ്പെട്ടവർക്കു പല തവണ പരാതി നൽകിയെങ്കിലും പരിഹാര നടപടികളൊന്നും ഇല്ലെന്നാണു റേഷൻ വ്യാപാര മേഖലയിൽ നിന്നുള്ള പരാതി. സെർവർ തകരാർ പരിഹരിച്ചെന്ന് ആവർത്തിക്കുമ്പോഴും ഇ–പോസ് മെഷീൻ തകരാർ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നതു പോലെ റേഷൻ മേഖലയിലെ ഈ പ്രതിസന്ധിയും തുടരുകയാണെന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com